ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചു. ബജറ്റ് സമ്മേളനത്തിനൊപ്പമായിരിക്കും ഇത്തവണ ശീതകാല സമ്മേളനം നടക്കുക. ഫെബ്രുവരി ഒന്നിനായിരിക്കും ബജറ്റ് അവതരണം. അതിന് മുന്‍പ് ബജറ്റ് സമ്മേളനം ആരംഭിക്കും. നേരത്തെ കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം നടത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി എംപിമാര്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശീതകാല സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനമെടുത്തത്.
കര്‍ഷക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശീതകാല സമ്മേളനം ആവശ്യമാണെന്ന് വ്യക്തമാക്കി
കോണ്‍ഗ്രസ് ലോക്‌സഭ നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് അയച്ചിരുന്നു.ഇതിനുള്ള മറുപടിയിലാണ് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം എത്രയും വേഗം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ജനുവരിയില്‍ ബജറ്റ് സമ്മേളനം നടത്തുന്നത് ഉചിതമാണെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹദ് ജോഷി വ്യക്തമാക്കിയത്.
ഇതാദ്യമായല്ല പാര്‍ലമെന്റ് സമ്മേളന ചരിത്രത്തില്‍ ശീതകാല സമ്മേളനം മാറ്റിവെയ്ക്കുന്നത്. 1952 മുതല്‍ 2019 വരെ നടന്ന രാജ്യസഭയുടെ 65 ശീതകാല സമ്മേളനങ്ങളില്‍ എട്ടെണ്ണം ഡിസംബറിലും രണ്ടെണ്ണം ജനുവരി മാസത്തിലുമാണ് നടന്നത്. 1962 ലേയും 1963 ലേയും സമ്മേളനങ്ങള്‍ ജനുവരിയിലാണ് നടന്നത്.


