ന്യൂഡല്‍ഹി: ഗുജറാത്തിലെ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനായി കച്ചിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച(15/12/2020) കര്‍ഷകരുമായി സംവദിക്കും. കച്ച് ജില്ലാ ആസ്ഥാനമായ ഭുജില്‍ ഇറങ്ങുന്ന മോദി ഭുജില്‍ നിന്ന് 80 കിലോമീറ്റര്‍ പടിഞ്ഞാറ് ഖാവ്ഡയ്ക്കടുത്തുള്ള ധോര്‍ഡോ ഗ്രാമത്തിലെ കര്‍ഷകരുമായാണ് സംസാരിക്കുക.കച്ചിലെ കര്‍ഷകരുമായും അതിര്‍ത്തിയിലെ പഞ്ചാബി കര്‍ഷകരുമായും സംവദിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ശക്തമാക്കുന്നതിനിടെ കേന്ദ്രം ബില്ലിനെ പിന്തുണയ്്ക്കുന്ന കര്‍ഷക സംഘടനകളുടെ സഹായം ഉറപ്പ് വരുത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കര്‍ഷകരുമായുള്ള സംവദിക്കല്‍ പദ്ധതി.
അതേസമയം, കച്ചിലെ ധോര്‍ഡോ സന്ദര്‍ശിച്ച ശേഷമായിരിക്കും വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുക. ഈ പദ്ധതികളില്‍ ഡീസലൈനേഷന്‍ പ്ലാന്റ്, ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക്, പാല്‍ സംസ്‌കരണവും പാക്കിംഗ് പ്ലാന്റും ഉള്‍പ്പെടും. ഡീസലൈനേഷന്‍ പ്ലാന്റിലൂടെ സമുദ്രജലത്തെ കുടിവെള്ളമാക്കി മാറ്റുന്നതില്‍ സുപ്രധാന ചുവടുവെയ്പ്പും ഇന്ന് നടക്കും. മുന്ദ്ര, ലഖ്പത്, അബ്ദാസ, നഖത്രാന എന്നീ മേഖലകളിലെ എട്ട് ലക്ഷത്തോളം ആളുകള്‍ക്ക് ഈ പ്ലാന്റില്‍ നിന്ന് ഡീസലൈനേറ്റഡ് ജലം ലഭിക്കും.കച്ച് ജില്ലയിലെ വിഘകോട്ട് പ്രദേശത്ത് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ പാര്‍ക്കായിരിക്കും. ഇത് 30 ജിഗാവാട്ട് വരെ പുനരുപയോഗ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കും. കച്ചിലെ സര്‍ഹാദ് ഡയറി അഞ്ജറില്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് പാല്‍ സംസ്‌കരണ-പാക്കിംഗ് പ്ലാന്റിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തും. 121 കോടി രൂപ ചെലവിലാണ് പ്ലാന്റിന്റെ രൂപീകരണം. ഇതിന് പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനുള്ള ശേഷിയുണ്ടാകും.


