കൊച്ചി: മേല്‍ക്കോടതികളുടെ ഉത്തരവ് പാലിക്കാന്‍ കീഴ്‌കോടതികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി .ഉത്തരവ് നടപ്പാക്കാന്‍ എന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍ങ്കില്‍ അക്കാര്യം മജിസ്‌ട്രേറ്റ് വ്യക്തമാക്കണമെന്നും ജസ്റ്റീസ് പിവി കുഞ്ഞിക്കൃഷ്ണന്‍നിര്‍ദ്ദേശിച്ചു. പീഡനക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യ ഹര്‍ജി അന്നുതന്നെ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്ന അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
മജിസട്രേറ്റിന്റെ നടപടിയുടെ വിശദ പരിശോധനക്ക് വിധിപ്പകര്‍പ്പ സബോഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ക്ക് കൈമാറാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ജയിലിലായ ഭര്‍ത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അടൂര്‍ പഴകുളം സ്വദേശി അബ്ദുള്‍ റഹ്മാന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയ ഹൈക്കോടതി 10 ദിവസത്തിനുളളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യ ഹര്‍ജി നല്‍കിയാല്‍ അന്നുതന്നെ പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
നവംബര്‍ 25 ന് കീഴടങ്ങിയ പ്രതിയെ അടൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ജാമ്യ ഹര്‍ജി തുടര്‍ച്ചയായി രണ്ടുതവണ മാറ്റി വച്ചശേഷം 27 ന് തളളി. അതേ തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റിന്റെ നടപടിയെക്കുറിച്ച് ഹര്‍ജിക്കാരന്‍ ഉന്നയിച്ച പരാതി ശരിയാണെങ്കില്‍ ഗൗരവമുളള വിഷയമാണെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജാമ്യ ഹര്‍ജി അന്നുതന്നെ പരിഗണിക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന് മാത്രമല്ല കാരണമൊന്നും പറയാതെയും ഹൈക്കോടതിയുത്തരവ് പരാമര്‍ശിക്കാതെയും രണ്ടുതവണ മാറ്റിവച്ചു .അസൗകര്യങ്ങളൊന്നും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.


