കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നല്കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
മുഖ്യമന്ത്രിയുമായി എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്നോ എന്നതിലും കാന്തപുരത്തിൻ്റെ കോൺസുലേറ്റ് ബന്ധവും സംബന്ധിച്ചു നൽകിയ മൊഴിയാണ് പുറത്തു വന്നത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളതെന്നാണ് സ്വപ്ന മൊഴിയിൽ വ്യക്തമാക്കുന്നത്. ഷാർജാ ഭരണാധികാരിയുടെ കേരള സന്ദർശന വേളയിൽ അവരുടെ ആചാരപ്രകാരം എങ്ങനെ സ്വീകരിക്കണമെന്ന് ഭാര്യയ്ക്ക് പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.കൂടാതെ തൻ്റെ പിതാവ് മരണപ്പെട്ടപ്പോൾ എം.ശിവശങ്കറിൻ്റെ ഫോണിൽ നിന്ന് വിളിച്ച് അനുശോചനമറിയിച്ചു. ഇതല്ലാതെ മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ മറ്റൊരു വിധത്തിലും അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് സ്വപ്നയുടെ മൊഴി.
രണ്ടു തവണയിലധികം കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും മകനും കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. എന്നാൽ എന്താണ് സംസാരിച്ചതെന്നറിയില്ല.
കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച. മതപരമായ ഒത്തുചേരലുകള്‍ക്ക് ധനസഹായവും യുഎഇ സര്‍ക്കാരിന്റെ പിന്തുണയും ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ സാമ്പത്തിക സഹായം നൽകിയതായി അറിയില്ലെന്നും ഇഡി മുമ്പാകെ സ്വപ്ന വ്യക്തമാക്കിയിരുന്നു.



