ന്യൂഡൽഹി: 2020 ലെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ ഒഡീഷ സ്വദേശിയായ സോയേബ് അഫ്താബാണ്. 720 ൽ 720 മാർക്കും നേടിയാണ് സോയേബ് ഒന്നാം റാങ്കിന് അർഹനായത്. എന്നാൽ ഇതേ മാർക്കു നേടിയ ഡൽഹിക്കാരിയായ അകൻഷാ സിംഗിന് രണ്ടാം റാങ്കു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുഴുവൻ മാർക്കും നേടിയിട്ടും അകൻഷ എന്ന പെൺകുട്ടി രണ്ടാമതായതിന് ഒരു കാരണമുണ്ട്. നീറ്റ് റാങ്കിംഗിലെ ‘ടൈ’ സംബന്ധിച്ച വിചിത്രമായ മാർഗരേഖയാണ് ഇതിനു പിന്നിൽ.
സമനില വന്നാൽ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ മാർക്ക് ആർക്കാണ് കൂടുതൽ എന്നു നോക്കണം. അതും സമനിലയാണെങ്കിൽ ആരാണ് കൂടുതൽ തെറ്റ് മാർക്ക് ചെയ്തത് എന്നു നോക്കണം. ഇവിടെ രണ്ടു പേരും മുഴുവൻ മാർക്കും നേടിയ സ്ഥിതിക്ക് മേൽ പറഞ്ഞ നിർദേശങ്ങൾ അപ്രസക്തമാണ്. അപ്പോഴാണ് മൂന്നാമത്തെ ‘ടൈ’ വ്യവസ്ഥ പരിഗണിച്ചത്. ആർക്കാണോ അൽപമെങ്കിലും പ്രായക്കൂടുതൽ അവരെ വിജയിയായി പ്രഖ്യാപിക്കും. അങ്ങനെ സോയേബിനേക്കാൾ അൽപം പ്രായം കുറഞ്ഞ അകൻഷാ രണ്ടാം റാങ്കുകാരിയായി.



