റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ ഒപ്പിട്ട പണം തട്ടിയതായി പരാതി

September 28, 2020 - 12:04 pm

കൊല്ലം: കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റിന്‍റെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്തതായി പരാതി. യൂണിറ്റ് സെക്രട്ടറിയാണ് വ്യാജ ഒപ്പിട്ട് പണം മാറിയത്. സെക്രട്ടറിക്കെതിരെ കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു.

കാരിക്കോട് കോളേജ് ഡിവിഷനിലെ അമൃതശ്രീ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി മഠത്തില്‍ വീട്ടില്‍ ജലജക്കെതിരെയാണ് കേസ്. അംഗങ്ങളുടെ ആഴ്ച നിക്ഷേപത്തില്‍ നിന്നാണ് വ്യാജ ഒപ്പിട്ട് വായ്പയെടുത്തത്. നിക്ഷേപിക്കുന്ന തുകയുടെ നാലിരട്ടിയാണ് ഓരോ അംഗത്തിനും വായ്പയെടുക്കാവുന്ന പരമാവധി തുക. വായ്പാ തുക ചെക്കായിട്ടാണ് നല്‍കുന്നത്.

ജലജയ്ക്ക് 14,700 രൂപയേ നിക്ഷേപമായുളളു. അതുകൊണ്ട് പരമാവധി 48,800 രൂപയേ എടുക്കാന്‍ കഴിയു. പക്ഷെ കുടംബശ്രീ യോഗത്തില്‍ ആലോചിക്കാതെ പലപ്പോഴായി 4,41,000 രൂപ വായ്പയെടുക്കുകയായിരുന്നു. സെക്രട്ടറിയുടെ ഭര്‍ത്താവും മകനുമാണ് ബാങ്കില്‍ പോയി പണം പിന്‍വലിച്ചിരുന്നത്. മൂന്നുവര്‍ഷം മുമ്പ് കണക്കുപരിശോധിച്ചപ്പോള്‍ തട്ടിപ്പ് പുറത്തു വന്നിരുന്നു. നിയമ വിരുദ്ധമായി എടുത്ത വായ്പ തിരിച്ചടക്കാമെന്ന് അന്ന് ഉറപ്പുനല്‍കി യെങ്കിലും നടന്നില്ല. അതിന് ശേഷം യൂണിറ്റ് യോഗവും സെക്രട്ടറി വിളിച്ചുചേര്‍ത്തില്ലെന്ന് അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിലവില്‍ ഒന്നരലക്ഷം രൂപയോളം തിരിച്ചടക്കാനുണ്ട്. ചെറിയ തവണകളായി തിരിച്ചടക്കാന്‍ പോലീസ് നല്‍കിയ നിര്‍ദ്ദേശവും പാലിക്കാതെ വന്നതോടെയാണ് കേസെടുത്തത്.

യൂണിറ്റ് സെക്രട്ടറി 5 വര്‍ഷം മുമ്പ് കോളേജ് ഡിവിഷനില്‍ നിന്നും പെരുമ്പുഴയിലേക്ക് താമസം മാറ്റിയിരുന്നു. ഇത്രകാലം കഴിഞ്ഞിട്ടും കുടുംബശ്രീ യോഗം വിളിച്ചുചേര്‍ത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ തയ്യാറായിട്ടില്ല. വായ്പാ തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതോടെ യൂണിറ്റിന്റെ അഫിലിയേഷന്‍ സിഡിഎസ് റദ്ദാക്കി. അതുകൊണ്ട് പ്രളയകാലത്തും ഇപ്പോള്‍ കോവിഡ് കാലത്തും കുടുംബശ്രീ അംഗങ്ങള്‍ക്ക് അനുവദിച്ച ആശ്വാസ പദ്ധതികള്‍ ഒന്നും അമൃതശ്രീ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *