എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തു.

കൊച്ചി : മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡൽഹി കേന്ദ്ര കാര്യാലയം ഈ വാർത്ത സ്ഥിരീകരിച്ചു. 11 – 09 – 2020 വെള്ളിയാഴ്ച രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചിയിലെ എൻഫോഴ്സ്മെൻറ് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. നയതന്ത്ര ബാഗേജ് വഴി ഖുറാന്‍ എത്തിയത് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സി- ആപ്ട് വഴി സ്വീകരിച്ച് വിതരണം ചെയ്ത സംഭവത്തെ പറ്റിയായിരുന്നു ചോദ്യങ്ങളുടെ പ്രധാന വിഷയം. ഖുറാന്‍റെ എണ്ണം, അവയുടെ ഭാരം എത്തിച്ചേർന്ന ലഗേജിന്‍റെ ഭാരം തുടങ്ങിയവയില്‍ പൊരുത്തക്കേടുകള്‍ അന്വേഷണ എജന്‍സികള്‍ കണ്ടെത്തിയിരുന്നു.

സ്വപ്ന സുരേഷ് എൻഫോഴ്സ്മെൻറ് മുമ്പാകെ നൽകിയിട്ടുള്ള വിവരങ്ങളിൽ മന്ത്രി ജലീലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ജലീലിനെ വിളിച്ചുവരുത്തിയത്. അതീവ രഹസ്യമായിട്ടാണ് കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫീസ് ഈ നടപടികൾ സ്വീകരിച്ചത്.

നയതന്ത്ര ബാഗിലൂടെ സ്വർണ്ണം കടത്തിയ കേസ്, കോൺസുലേറ്റ് വഴി ഖുർആൻ ഗ്രന്ഥവും കിറ്റുകളും കൈപ്പറ്റി വിതരണം ചെയ്ത സംഭവം എന്നിവയാണ് എൻഫോഴ്സ്മെന്റിന്റെ ശ്രദ്ധ കെ ടി ജലീൽ നേരെ കൊണ്ടുവന്നത്. ഇതിൽ സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രിക്ക് നേരിട്ട് ബന്ധം ഉണ്ടായിരുന്നു. ഇതിൽ കോൺസുലേറ്റ് ജീവനക്കാരി എന്ന നിലയിലുള്ള സ്വപ്നയുമായുള്ള ബന്ധത്തിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കോൺസുലേറ്റിൽ നിന്ന് ഖുർആനും റംസാൻ കിറ്റുകളും നേരിട്ട് സ്വീകരിച്ചത് മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്കാണ് എൻഫോഴ്സ്മെൻറ് വ്യക്തത വരുത്താൻ ശ്രമിച്ചത് എന്ന് അറിയുന്നു.

സ്വർണക്കള്ളക്കടത്ത് കേസ്, ബാംഗ്ലൂരിലെ മയക്കുമരുന്ന് കേസ്, കേന്ദ്ര സർക്കാരിനെ മറികടന്ന് വിദേശ സർക്കാരിൽ നിന്നും ധനം സ്വീകരിച്ചത് എന്നിവയുമായി ബന്ധപ്പെട്ട് കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നു എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മകൻ ബിനീഷിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

ബി ജെ പി സംസ്ഥാനസെക്രട്ടറി കെ സുരേന്ദ്രന്‍ മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →