കടയുടമയെ ആക്രമിച്ച് മാല കവര്‍ന്ന യുവാവ് 48 മണിക്കൂറിനുളളില്‍ പോലീസ് പിടിയിലായി.

കൊല്ലം:വയോധികയായ കടയുടമയെ ആക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതി 48 മണിക്കൂറിനകം പോലീസ് പിടിയിലായി. കുണ്ടറ നാന്തിരിക്കല്‍ വെളളിമണ്‍ വിപിന്‍ ഭവനത്തിലെ വിപിന്‍ വില്‍സന്‍(23) ആണ് അറസ്റ്റിലായത്. കവര്‍ന്ന മാലയും മോഷണത്തിനുപയോഗിച്ച സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.

2020 സെപ്തംബര്‍ 7 ന് വൈകിട്ട് 3 നാണ് സംഭവം നടന്നത്. കണ്ണനല്ലൂര്‍ പുലിയില നാലാം മൈലിലെ കടയുടമയായ വയോധികയുടെ അടുത്ത് വന്ന യുവാവ് ആദ്യം സിഗരറ്റും വെളളവും വാങ്ങിയശേഷം മടങ്ങി . സാഹചര്യം അനുകൂലമെന്ന് കണ്ട യുവാവ് കൂടുതല്‍ സാധനങ്ങള്‍ ആവശ്യപ്പെട്ടു. സാധനങ്ങള്‍ എടുക്കാന്‍ കടയ്ക്കുളളിലേക്ക് പോയ വയോധികയെ പ്രതി കഴുത്തിന് കുത്തിപിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കണ്ണന്നൂര്‍ പോലീസ് സിസി ടിവി ദൃശ്യങ്ങളുടേയും മൊബൈല്‍ ഫോണ്‍ വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

താന്‍ അസമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരാനായിരുന്നുവെന്നും ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പട്ടതിനേതുടര്‍ന്നാണ് മോഷണം നടത്തിയതെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത് . കണ്ണനല്ലൂര്‍ സിഐ യുപി വിപിന്‍കുമാറിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം