മറയൂർ:കരടിക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ട ബാലനെ അച്ഛനും സഹോദരനും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചിന്നാർ വന്യജീവി സങ്കേതത്തിൽ പുതുക്കുടി ആദിവാസി കോളനിയിലെ അരുൾകുമാറിന്റെ മകൻ കാളിമുത്തു(12)വിനാണ് കരടിയുടെ മുന്നിൽ നിന്നും രക്ഷപെടാനായത്. കുട്ടിയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. കരടികളുടെ മൂവർ സംഘത്തിലുണ്ടായിരുന്ന ആൺ കരടിയാണ് കാളിമുത്തുവിനെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽകേട്ട് സമീപത്തുണ്ടായിരുന്ന അച്ഛൻ അരുൾകുമാറും സഹോദരൻ വിജയകുമാറും ചേർന്ന് കരടിയുടെ മുന്നിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.കാളി മുത്തുവിൻ്റെ കാൽമുട്ടുകൾക്ക് കരടിയുടെ കടിയേറ്റ് സാരമായി പരിക്കേറ്റു. വനത്തിനുള്ളിലൂടെ കാൽനടയായും വാഹനത്തിലുമായി നാല് മണിക്കൂറെടുത്താണ് കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെ അരുൾകുമാർ മക്കളുമായി കാട്ടിലേക്ക് പോയത്. പാൽക്കൊടി എന്ന കാട്ടുവള്ളി ശേഖരിക്കാനാണ് ഊരിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ മുളങ്ങാമുട്ടി വനത്തിൽ പോയത്. പരമ്പരാഗത മുതുവാൻ വീടുകൾ നിർമിക്കുന്നതിന് പൽക്കൊടി വള്ളിയാണ് ഉപയോഗിക്കുന്നത്. അച്ഛനും സഹോദരനും പാൽക്കൊടി വെട്ടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സമീപത്തെ പാറയുടെ മുകളിൽ ഇരുന്ന കാളിമുത്തുവിന് നേരെ കരടിയുടെ ആക്രമണമുണ്ടായത്. കാളിമുത്തുവിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നു