ഓട്ടോ മറയാക്കി പിടിച്ചു പറിയും ഗുണ്ടായിസവും വർധിക്കുന്നു

കോട്ടയം: കോട്ടയത്ത് ഓട്ടോറിക്ഷയുടെ മറവിൽ ഗുണ്ടായിസവും പിടിച്ചുപറിയും വർധിക്കുന്നുവെന്ന് സൂചന. നാലു ഓട്ടോഡ്രൈവർമാരാണ് ഇത്തരം കേസുകളിൽ പിടിയിലായത്. ഇതോടെ കോട്ടയം നഗരത്തിന് അൽപ്പം ആശ്വസിക്കാം. ഓട്ടോറിക്ഷയുമായി കറങ്ങി നടന്ന്, യാത്രക്കായി കയറുന്നവരെ കണ്ടു വച്ച് മോഷണം നടത്തുകയായിരുന്നു ഇവരുടെ പതിവ്.

മറ്റ് ഓട്ടോ ഡ്രൈവർമാർക്കും, യാത്രക്കാർക്കും ഒരു പോലെ തലവേദനയായിരുന്നു ഇവർ. നാട്ടകം മറിയപ്പള്ളി കളപ്പൂർ കെ.പി ബാബു , കുമാരനല്ലൂർ പെരുമ്പായിക്കാട് സലിം മൻസിലിൽ എസ്.ബി ഷംനാസ്, വടവാതൂർ പ്‌ളാമ്മൂട്ടിൽ സാബു കുര്യൻ , അയ്മനം പൂന്ത്രക്കാവ് പതിമറ്റം കോളനിയിൽ ജയപ്രകാശ് എന്നിവരെയാണ് കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസ് പിടികൂടിയത്.

അനാശാസ്യ സംഘങ്ങളുടെ ഓട്ടമാണ് പ്രധാനമായും ബാബു അടങ്ങുന്ന ഗുണ്ടാ സംഘം ഏറ്റെടുക്കുന്നത്. നഗരത്തിൽ കാൽ നൂറ്റാണ്ടിലേറെയായി ക്രിമിനൽ പ്രവർത്തനങ്ങളുമായി നടക്കുന്നയാളാണ് അമ്മിണി ബാബു എന്നറിയപ്പെടുന്ന കെ.പി ബാബു. ബാബുവിനെതിരെ നഗരപരിധിയിലുള്ള എല്ലാ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. അനാശാസ്യ സംഘങ്ങളുടെ കെണിയിൽ പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഇവർ ഓട്ടോറിക്ഷയിൽ കയറ്റി നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കും. തുടർന്ന് ഇവരെ ആക്രമിച്ച് പണവും ഫോണും തട്ടിയെടുക്കും. നാണക്കേട് ഭയന്ന് പലരും പരാതി നൽകാറില്ല. ഇത് തന്നെയാണ് പ്രതികൾക്ക് വളമായിരുന്നത്.

അമ്മിണി ബാബുവും സംഘവും ഓടിച്ചിരുന്ന ഓട്ടോറിക്ഷകൾക്ക് പെർമിറ്റുണ്ടായിരുന്നില്ല. പെർമിറ്റില്ലാതെ ഒാടുന്ന ഒാട്ടോ റിക്ഷകൾക്കെതിരെ നടപടിയെടുക്കാൻ നഗരസഭയോ, പൊലീസോ, മോട്ടോർ വാഹനവകുപ്പോ മിനക്കെടാറില്ല. ഒാട്ടോസ്റ്റാൻഡുകൾ ഗുണ്ടാ സംഘങ്ങളുടെ താവളമാകുന്നത് മുഖ്യമായും ഇക്കാരണത്താലാണ്.കോട്ടയം നഗരപരിധിയിൽ മാത്രം 2500 ലധികം ഓട്ടോറിക്ഷകളാണ് സർവീസ് നടത്തുന്നത്. എന്നാൽ, 1200 ൽ താഴെ എണ്ണത്തിനു മാത്രമാണ് പെർമിറ്റുള്ളത്.

Share
അഭിപ്രായം എഴുതാം