സിപിഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റില്‍

കായംകുളം: സിപിഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റിലായി. എരുവ സ്വദേശി വിളക്ക്‌ ഷഫീക്കിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 2020 ആഗസ്റ്റ്‌ 18 ചൊവ്വാഴ്‌ചയാണ്‌ അറസ്റ്റിന്‌ ആധാരമായ സംഭവം നടന്നത്‌. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ നഗരത്തിലെ എംഎസ്‌.എം സ്‌കൂളിന്‌ സമീപത്ത്‌ വച്ച്‌ ക്വട്ടേഷന്‍ സംഘത്തില്‍പെട്ട എരുവ സക്കീന മന്‍സിലില്‍ വെറ്റ മുജീബ്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

തങ്ങള്‍ കുട്ടികള്‍ക്ക്‌ കഞ്ചാവ്‌ വില്‍ക്കുന്നതിനേയും ഗുണ്ടാപി രിവ്‌ നടത്തുന്നതിനേയും സിയാദ്‌ എതിര്‍ത്തിരുന്നതാണ്‌ കൊലപാതകത്തിന്‌ കാരണമെന്ന്‌ മുജീബ്‌ പോലീസിന്‌ മൊഴി നല്‍കി. ഒന്നാം പ്രതി മുജീബ്‌ നേരത്തേ അറസ്റ്റിലായിരുന്നു. മുജീബിന്‌ സിയാദിനോടുളള വിദ്വേഷമാണ്‌ കൊലയ്ക്ക്‌ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. കൊലയ്ക്കുശേഷം സിയാദിന്‍റെ സുഹൃത്ത്‌ റജീഷിനെ ആക്രമിച്ച ചെറുകാവില്‍ വിഠോഭ ഫൈസലും അറസ്റ്റിലായിരുന്നു.

സിപിഎം അംഗവും കോവിഡ്‌ സന്നദ്ധ പ്രവര്‍ത്തകനുമായിരുന്നു കൊല്ലപ്പെട്ട സിയാദ്‌. ഐഷ(5). ഹൈറ(1) എന്നിവര്‍ മക്കളാണ്‌. ഭാര്യ ഖദീജ. മത്സ്യവ്യാപാരം കഴിഞ്ഞ്‌ വീട്ടിലെത്തിയ സിയാദ്‌ ഭാര്യ നല്‍കിയ ഭക്ഷണ പൊതികള്‍ ക്വാറന്‍റൈന്‍ കേന്ദത്തില്‍ എത്തിച്ചശേഷം മടങ്ങുമ്പോഴാണ്‌ കൊലപാതകം നടന്നത്‌.

കൊലപാതകത്തിന്‌ ശേഷം മുജീബിനെ കാറില്‍ കയറ്റി വീട്ടിലെത്തിച്ച കോണ്‍ഗ്രസ്‌ നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാം കേസില്‍ മൂന്നാം പ്രതിയാണ്‌. കൊലപാതകം നടന്ന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതിരുന്നതാണ്‌ ഇയാളുടെ പേരിലുളള കുറ്റം.

Share
അഭിപ്രായം എഴുതാം