തിരുവനന്തപുരം: ശിവശങ്കറിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന സിപിഎം നിലപാടിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്‍ രാജിക്കൊരുങ്ങുന്നു. സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷുമായുളള ശിവശങ്കറിന്‍റെ ആത്മബന്ധവും അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യലും പ്രതികളുടെ മൊഴികളും പ്രതികൂലമായ സാഹചര്യത്തിലാണ് രാജി വെയ്‌ക്കാനുളള നീക്കം. സിപിഎം കടുത്ത നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കില്ലെന്നും വ്യക്തമായിരിക്കുകയാണ്. സ്വണ്ണക്കടത്തില്‍ ശിവശങ്കറിന് നേരിട്ട് ബന്ധമില്ലെങ്കിലും ചട്ടലംഘനങ്ങളും സര്‍വീസ് റൂള്‍ മറികടന്നതിലുള്‍പ്പെടെ തനിക്കനുകൂലമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് ബോധ്യമായ സാഹചര്യത്തിലാണ് രാജിവെ ക്കാന്‍ സന്നദ്ധമായതെന്നും പുറത്താക്കുന്നതിന് മുമ്പ് രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്നും നിയമോപദേശം ലഭിച്ചതായിട്ടാണ് വിവരം.
സ്വപ്‌നയുമായി ആത്മബന്ധമുണ്ടായിരുന്ന ശിവശങ്കറിന് അവരുടെ ദുരൂഹത നിറഞ്ഞ വ്യക്തിത്വത്തെപ്പറ്റി അറിയാമായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ബാങ്കില്‍ ലോക്കര്‍ തുടങ്ങാന്‍ സ്വപ്‌നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഇ.ഡി ക്ക് മൊഴി നല്‍കിയിരുന്നു. വീണ്ടും ശിവശങ്കറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നതിനിടെയാണ് രാജി നീക്കം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജാഗ്രതക്കുറവുണ്ടായെന്ന് നേതൃത്വം വിലയിരുത്തുന്നു. മന്ത്രിമാരായ ജി.സുധാകരന്‍, എ.കെ.ബാലന്‍, കടകംപളളി സുരേന്ദ്രന്‍, ഡോ.തോമസ് ഐസക്ക് തുടങ്ങിയവര്‍ ശിവശങ്കറിനെ പരസ്യമായി തളളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.