ഈ മാസം സര്‍ക്കാര്‍ കണ്ടെത്തേണ്ടത്‌ 6000 കോടി രൂപയെന്ന്‌ തോമസ്‌ ഐസക്ക്‌

തിരുവനന്തപുരം : ശമ്പളം, പെന്‍ഷന്‍ എന്നിവയ്‌ക്കായി ഈ മാസം സര്‍ക്കാര്‍ കണ്ടെത്തേണ്ടത്‌ 6000കോടി രുപയെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌. ഓണത്തിന്‌ മുമ്പ്‌ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യേണ്ടതുണ്ട്‌. ഈ മാസം 20 ന്‌ പെന്‍ഷനും 24 ന്‌ ശമ്പളവും വിതരണം ചെയ്‌തു തുടങ്ങാനാണ്‌ സര്‍ക്കാര്‍ തീരുമാനം. ഓണത്തിന്‌ മുമ്പായി 6000 കോടിരൂപയോളം ചെലവിടുന്നതോടെ ട്രഷറി ഓവര്‍ഡ്രാഫ്‌റ്റിലാവുമെന്നും ധനമന്ത്രി പറഞ്ഞു.

ശമ്പളം , പെന്‍ഷന്‍ എന്നിവ കൂടാതെ 4000 രൂപ വീതം ബോണസ്‌, ഉത്സവബത്ത, 15,000 രൂപ വീതം ശമ്പളം അഡ്വാന്‍സ്‌ ഇതെല്ലാം രണ്ടാഴ്‌ച്ചക്കകം കൊടുത്തു തീര്‍ക്കേണ്ടതായിട്ടുണ്ട്‌. 2600 രൂപ വെച്ച്‌ 58 ലക്ഷം പേക്കുളള പെന്‍ഷന്‌ 2000 കോടി രൂപയോളം കണ്ടെത്തണം. കൂടാതെ സൗജന്യ ഓണക്കിറ്റ്‌ വിതരണം ഇവയെല്ലാം ചേര്‍ത്താണ്‌ 6000 കോടി രൂപ ആവശ്യമായി വരുന്നത്‌.

ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ അനുവദിച്ച വായ്‌പ എടുത്തുകഴിഞ്ഞു. രണ്ടായിരത്തി അഞ്ഞൂറുകോടി രൂപവരെ ട്രഷറി ഓവര്‍ ഡ്രാഫ്‌റ്റില്‍ പോകാം. കേന്ദ്രസര്‍ക്കാര്‍ ഉപാധികളില്ലാതെ അനുവദിച്ച അരശതമാനം വായ്‌പയെടുത്താലേ ഓവര്‍ ഡ്രാഫ്‌റ്റ്‌ നികത്താനാവൂ. ധന ഉത്തരവാദിത്ത നിയമ പ്രകാരം മൂന്ന്‌ ശതമാനം വായ്‌പയെടുക്കാനേ സംസ്ഥാനത്തിന്‌ അനുവാദമുളളു. കൂടുതല്‍ വായ്‌പയെടുക്കണമെങ്കില്‍ നിയമം പാസാക്കണം. ഒരു ദിവസത്തേക്ക്‌ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ലുപാസാക്കാന്‍ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. അതിനാല്‍ നിയമസഭാ സമ്മേളനത്തിനുശേഷം ഓര്‍ഡിനന്‍സ്‌ ഇറക്കി കൂടുതല്‍ വായ്‌പ്പയെടുക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.

ഈ വര്‍ഷത്തെ ഓണവിപണി മാന്ദ്യത്തിലാവാതിരിക്കാന്‍ ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടതുണ്ട്‌. അതുറപ്പാക്കാനാണ്‌ ഓണത്തിന്‌ മുമ്പുതന്നെ ശമ്പളവും ബോണസും നല്‍കാന്‍ തീരുമാനിച്ചത്‌. സര്‍ക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തു കയെന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിന്‍റെ പിന്നിലുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →