വടിവാള്‍ അടക്കം മാരകായുധങ്ങളുമായി കവര്‍ച്ചയ്ക്ക് ഇറങ്ങിയ 3 അംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍

ആളൂര്‍(തൃശൂര്‍): വടിവാള്‍ അടക്കം മാരകായുധങ്ങളുമായി കവര്‍ച്ചയ്ക്ക് ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി തുമ്പരത്തി പ്രവീണ്‍ (27) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സ്‌കൂട്ടര്‍ കൈകാണിച്ചിട്ടും നിറുത്താതെ പോയതോടെ പൊലീസ് പിന്തുടര്‍ന്നു.

പ്രതികള്‍ രക്ഷപ്പെടുന്നതിനിടെ സ്‌കൂട്ടറിലെ പെട്രോള്‍ തീര്‍ന്ന് എന്‍ജിന്‍ ഓഫായി. പിന്നാലെയെത്തിയ പൊലീസ് സ്‌കൂട്ടറിനടുത്ത് എത്തുന്നതിനുമുമ്പ് പിറകിലിരുന്ന് യാത്രചെയ്ത രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച വണ്ടിയില്‍നിന്ന് വടിവാളും മുളകുപൊടിയും മറ്റ് ടൂളുകളും കണ്ടെത്തി. പ്രവീണിനെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കി. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം