ന്യൂഡല്‍ഹി: പതഞ്ജലിയുടെ നിര്‍മിച്ച കൊറോണില്‍ എന്ന മരുന്ന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ളതാണെന്നും ആയുര്‍ മന്ത്രാലയം മരുന്നിന്റെ വിതരണത്തിനും വില്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രാം ദേവ്. ഇത് കൊവിഡ് 19 നുള്ള മരുന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ സുഖപ്പെടുമെന്നും 280-ഓളം രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയം കണ്ടെത്തിയെന്നും അവകാശപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും കൊറോണില്‍ എന്ന ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ചുള്ള മരുന്നിന്റെ പരസ്യം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, സര്‍ക്കാര്‍ കമ്പനിക്ക് നോട്ടീസയച്ചതിന് പിന്നാലെ രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നതിനും ചുമയും പനിയും ഭേദമാക്കുന്നതിനുമുള്ള മരുന്നിന് വേണ്ടി പതഞ്ജലി ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന് അറിയിച്ചു.
Read more… കൊറോണ രോഗത്തിനുള്ള മരുന്ന് വിപണിയിലിറങ്ങി. ഒരാഴ്ചകൊണ്ട് അസുഖം പൂര്‍ണമായും ഭേദമാകും -ബാബ രാംദേവ്
കൊറോണയെ സുഖപ്പെടുത്താനോ നിയന്ത്രിക്കാനോ മരുന്നിന് (കൊറോണില്‍) കഴിയുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കി, കൊറോണ രോഗികളെ സുഖപ്പെടുത്തുന്ന ക്ലിനിക്കല്‍ നിയന്ത്രിത ട്രയലില്‍ അവ ഉപയോഗിച്ചുവെന്ന് ഞങ്ങള്‍ പറഞ്ഞു. അതില്‍ യാതൊരു ആശയ കുഴപ്പവുമില്ല -കമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആചാര്യ ബാലകൃഷ്ണ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
മരുന്നുകളുടെ ഘടന, ഗവേഷണ ഫലങ്ങള്‍, ഗവേഷണം നടത്തിയ ആശുപത്രകള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്നുള്ള അനുമതി, ക്ലിനിക്കല്‍ ട്രയലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള വിശദാംശങ്ങള്‍ നല്കാന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു.

