കാത്തുകാത്തിരുന്ന ബെവ്ക്യൂ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ പ്രത്യക്ഷമായി

തിരുവനന്തപുരം: കാത്തുകാത്തിരുന്ന ബെവ്ക്യൂ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ പ്രത്യക്ഷമായി. സാമൂഹിക അകലം പാലിച്ച് ആവശ്യക്കാര്‍ക്ക് ബിവറേജ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍നിന്ന് മദ്യംവാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്ലേക്കേഷനാണ് ബെവ്ക്യൂ. ഏതാനും നിമിഷംമാത്രം പ്ലേസ്റ്റോറില്‍ തെളിഞ്ഞുനിന്ന ബെവ്ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ആയിരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു. മൂന്നുമിനിറ്റില്‍ 23,000 പേര്‍ ബെവ് ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് കമ്പനി അറിയിച്ചു. നിലവില്‍ ബീറ്റാ ആപ്പ് പ്ലേസ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ കൈയോടെ മദ്യംവാങ്ങാനുള്ള ടോക്കണ്‍ എടുത്തെങ്കിലും ഇന്നത്തെ തീയതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ട്രയല്‍ ആയതിനാല്‍ വാലിഡ് അല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

നാളെമുതല്‍(28-5-2020) സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 303 ബെവ്‌കോ- കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന ശാലകളുടെയും സ്വകാര്യ വൈന്‍- ബാറുകളുടെയും വിവരങ്ങള്‍ ബെവ്ക്യൂ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. നിര്‍ദേശിക്കപ്പെട്ട മദ്യവില്‍പന ശാലയിലെത്തി മദ്യംവാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആപ്ലേക്കേഷനായി ലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിലും പ്ലേസ്റ്റോറിലും സെര്‍ച്ച് ചെയ്ത് കാത്തിരുന്നത്. ഇന്നുവൈകീട്ട് മൂന്നരയ്ക്ക് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ആപ്പിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടും. ഇതിനുശേഷം പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ബെവ് ക്യൂ ആപ്പ് ലഭ്യമാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →