കോഴിക്കോട് : കരൾ രോഗബാധിതനായ പിതാവിനായി സ്വന്തം കരൾ പകുത്തു നൽകാൻ കിട്ടിയ അവസരത്തെ ഭാഗ്യം എന്ന് വിശേഷിപ്പിക്കുകയാണ് ഈ മകൻ. യുവചലചിത്ര സംവിധായകനായ അധിൻ ഒല്ലൂർ ആണ് സോഷ്യൽ മീഡിയയിലൂടെ ഈ അനുഭവവും ചിത്രങ്ങളും പങ്കു വെച്ചിരിക്കുന്നത്.
“അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്…
ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഞാന്‍ കരുതുന്നു. എന്‍റെ അച്ഛന് കരള്‍ കൊടുക്കാനുള്ളൊരു ഭാഗ്യം എനിക്കുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ. ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാര്‍ജാകും, വൈകാതെ അച്ഛനും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി.” ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അധിന്‍ കുറിച്ചു.
അധിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണന്വേഷണം എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. അധിന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘പെണ്ണു കെട്ടണം കണ്ണു കെട്ടണം ….’, എന്ന സിനിമയുടെ പ്രൊമോ ഗാനം വൈറലായിരുന്നു.