തിരുവനന്തപുരം: 2021 ലെ സര്‍ക്കാര്‍ ഡയറിയും കലണ്ടറും അച്ചടിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. അച്ചടിച്ചതില്‍ 40,000 കലണ്ടറും 2500 ഡയറിയും കാണാനില്ലെന്നാണ് പരാതി. പുതുവര്‍ഷം ഒരുമാസം പിന്നിട്ടിട്ടും അച്ചടി പൂര്‍ത്തിയായിട്ടുമില്ല. ഈ വര്‍ഷം ആദ്യഘട്ടത്തില്‍ നാല് ലക്ഷം കലണ്ടറുകളാണ് അച്ചടിച്ചത്. പിന്നീട് 10000 വും തുടര്‍ന്ന് 40,000 വും കലണ്ടര്‍ കൂടി അച്ചടിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ആദ്യം അച്ചടിച്ചതില്‍ നിന്ന് 40,000 കലണ്ടര്‍ ചില ഉദ്യോഗസ്ഥര്‍ കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തിയാതായി ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം വരെ വാഴൂര്‍, മണ്ണന്തല എന്നിവിടങ്ങളിലെ ഗവ. പ്രസുകളിലായിരുന്നു കലണ്ടറുകള്‍ അച്ചടിച്ചിരുന്നത്. ഈ വര്‍ഷം മണ്ണന്തല പ്രസില്‍ മാത്രം 4.5 ലക്ഷം കലണ്ടര്‍ അച്ചടിച്ചതിലും ദുരൂഹതയുണ്ട്. . നികുതികള്‍ ഉള്‍പ്പടെ കലണ്ടര്‍ ഒന്നിന് 30.30 രൂപയാണ് വില. 40,000 അധികം കലണ്ടര്‍ അച്ചടിക്കുന്നതിന് 12 ലക്ഷത്തിലധികം രൂപയുടെ അധിക ചെലവാണ് സര്‍ക്കാരിന് വരുന്നത്.
ആകെ 1,10,000 സര്‍ക്കാര്‍ ഡയറികളാണ് അച്ചടിക്കേണ്ടത്. ഒരുലക്ഷം ഡയറികള്‍ ഇംഗ്ലീഷിലും 10,000 എണ്ണം മലയാളത്തിലും .ഇതില്‍ മലയാളത്തിലേത് ഷൊര്‍ണ്ണൂരിലെയും ഇംഗ്ലീഷിലെത് മണ്ണന്തലയിലെയും പ്രസിലാണ് അച്ചടിക്കുന്നത്. ആദ്യ ഘട്ടത്തിലച്ചടിച്ച 50,000 ഡയറികളില്‍ 2,500 എണ്ണമാണ് കാണാതായത്. നികുതികളടക്കം 215 രൂപയാണ് ഡയറിയുടെ വില.
ഡയറികള്‍ പുറത്തേക്ക് കടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് അച്ചടി വകുപ്പു ഡയറക്ടര്‍ രഹസ്യമായി അന്വേഷണ കമ്മീഷനെ നിയമിച്ചു. സെന്‍ട്രല്‍ പ്രസിലെ സ്റ്റോക്ക് ആന്റ് സ്റ്റോര്‍ ഡെപ്യൂട്ടി സൂപ്രണ്ടും ,വെയര്ഹൗസ്മാനും ,കമ്പ്യൂട്ടിംഗ് വിഭാഗത്തിലെ രണ്ട് ജീവനക്കാരും ഉള്‍പ്പെട്ടതാണ് കമ്മീഷന്. ആവശ്യപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ നല്കാത്തതിനാല് അന്വേഷണം പാതി വഴിയില്‍ നിലച്ചു.

