ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ല നേതൃത്വം നല്കുന്ന ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ സഖ്യം കശ്മീര്‍ താഴ്വരയില് മുന്നേറിയപ്പോള്‍ ജമ്മു മേഖലയില്‍ ബിജെപിക്കാണ് മേല്‍കൈ. നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ഉള്‍പ്പെടെ ജമ്മു കശ്മീരിലെ ഏഴ് മുഖ്യധാരാ പാര്‍ട്ടികളുടെ ഗ്രൂപ്പായ ഗുപ്കര്‍ സഖ്യം നൂറിലധികം സീറ്റുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. 74 സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കോണ്‍ഗ്രസ് 25 സീറ്റുകള്‍ നേടി.
ഗുപ്കര്‍ സഖ്യവും കോണ്‍ഗ്രസും 13 ജില്ലാ കൗണ്‍സിലുകളില്‍ വിജയിക്കാനിടയുണ്ട്. ബിജെപിയും സഖ്യകക്ഷികളും ആറ് ജില്ലകള്‍ പിടിച്ചെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സമാധാനം നിലനിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ വിജയാഘോഷം നടത്തരുതെന്ന് വിവിധ ജില്ല ഭരണകൂടങ്ങള്‍ ഉത്തരവിറക്കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ മുന്‍ ഭരണകക്ഷികളായ നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി എന്നിവരും സിപിഎം പോലുള്ള കക്ഷികളും ചേര്‍ന്നാണ് ഗുപ്കാര്‍ സഖ്യം രൂപീകരിച്ചത്. ഇവരോട് ആദ്യം ഐക്യം പ്രഖ്യാപിച്ച കോണ്‍ഗ്രസ് പിന്നീട് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഇരുപതു ജില്ലകളിലായി 280 ഡി.ഡി.സി സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 2,178 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഒരു ജില്ലയില്‍ 14 സീറ്റ് വീതമാണ് ഉള്ളത്.



