ചെന്നൈ : തമിഴ് ജനപ്രിയ സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തിൽ ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഹേമന്ദിനെ അറസ്റ്റ് ചെയ്തത്.
2020 ഡിസംബര്‍ 10 നാണ് ചിത്രയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില് കണ്ടെത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഹേമന്ദിനെ സംശയമുണ്ടെന്ന് ചിത്രയുടെ അമ്മ പരാതിപ്പെട്ടിരുന്നു.
സീരിയലില്‍ നായകന്‍മാരുമായി ചിത്ര അടുത്തിടപഴകിയുള്ള രംഗങ്ങള്‍ അഭിനയിക്കുന്നതിൽ ഹേമന്ദ് വിരോധം പുലർത്തിയിരുന്നു . വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യന്‍ സ്റ്റോര്‍സ്’ എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ താരമാണ് ചിത്ര. സീരിയലില് ചിത്ര ഉള്‍പ്പെട്ട ഒരു രംഗം ഹേമന്ദിന് ഇഷ്ടപ്പെട്ടില്ല. ലൊക്കേഷനിലെത്തി മദ്യപിച്ച് വഴക്കുണ്ടാക്കിയതായും അന്വേഷണ സംഘം പറഞ്ഞു.
ചിത്ര മരണപ്പെട്ട ദിവസവും ഇയാൾ ബഹളം വെച്ച് ചിത്രയെ തള്ളിയിടുകയും ചെയ്തിരുന്നു. ഇക്കാര്യം പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.ചിത്രയുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇവരുടെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് തങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്ന് ഹേമന്ദ് പോലീസിനെ അറിയിച്ചു. ചിത്രയുടെ മരണ ശേഷമാണ് ഇക്കാര്യം പുറത്തു വരുന്നത്.
മരണസമയത്ത് ഹേമന്ദും ചിത്രയ്ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു. കുളിക്കാനെന്ന വ്യാജേന ഇയാളെ പുറത്താക്കിയതിയതിന് ശേഷമാണ് ചിത്ര തൂങ്ങി മരിച്ചത് എന്നാണ് വിവരം.
പോസ്റ്റുമോര്ട്ടം റിപ്പോര്‍ട്ടില്‍ ചിത്രയുടേത് ആത്മഹത്യ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാമ്പത്തികബാധ്യതകളും ഇതിന് കാരണമായി പറയുന്നുണ്ട്.
സീരിയല്‍ ഷൂട്ടിംഗിനോടനുബന്ധിച്ച് താമസിച്ചിരുന്ന നസറത്ത്പേട്ടൈയിലുള്ള ഒരു ഹോട്ടലിലാണ് ചിത്ര ജീവനൊടുക്കിയത്.


