ന്യൂഡല്‍ഹി: കേരളം ആസ്ഥാനമായുള്ള ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹരജിയില്‍ പറയുന്നത്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹരജി.
സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികള്‍ ഹരജി നല്‍കിയത്. വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ആണെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പള്ളികള്‍ ആവശ്യപ്പെടുന്ന ഇടവകഭോഗം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സഭ ഭരണഘടനയിലെ 10, 11 വകുപ്പുകള്‍ മനുഷ്യന്റെ അന്തസും മൗലിക അവകാശങ്ങളും ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. മലങ്കര സഭയില്‍ കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭാ അംഗങ്ങളും അല്മായ ഫോറം പ്രവര്‍ത്തകരുമായ മാത്യു .ടി. മാത്തച്ചന്, സി.വി. ജോസ് എന്നിവരാണ് മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്


