റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു

September 6, 2020 - 5:15 pm

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. 108 ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി നൗഫല്‍ ആണ് അറസ്റ്റിലായത്. വധശ്രമത്തിലടക്കം പ്രതിയാണ് നൗഫല്‍. ആറന്മുളയില്‍ രാത്രി ഒരു മണിയോടെയാണ് സംഭവം. ചികിത്സാകേന്ദ്രത്തിലേക്ക് പോകവേയാണ് സംഭവം. കോഴഞ്ചേരിയില്‍ നിന്നും യുവതിയുമായി ആംബുലന്‍സ് പുറപ്പെടുമ്പോള്‍ വണ്ടിയില്‍ പീഡനത്തിന് ഇരയായ സ്ത്രീയ്ക്ക് ഒപ്പം മറ്റൊരു രോഗി കൂടി ഉണ്ടായിരുന്നു. മറ്റെയാളെ കോഴഞ്ചേരി ആശുപത്രിയിലിറക്കിയതോടെ ആംബുലന്‍സില്‍ ഡ്രൈവറും യുവതിയും മാത്രമായി. ആറന്‍മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് വിവരം പറഞ്ഞു. ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.

സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ ക്രിമിനല്‍ കേസിലെ പ്രതിയെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. 2018 ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നുവെന്നും ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലന്‍സില്‍ ഡ്രൈവറായതെന്നും എസ് പി വിശദീകരിച്ചു. പ്രതിയുടെ സംസാരം യുവതി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം ആരോടുംപറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടിയിരുന്നു. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞുവെന്നും കൊവിഡ് പരിശോധനക്ക് ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. സ്രവ പരിശോധനയില്‍ ഇവരും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.

ആംബുലന്‍സില്‍ പെണ്‍കുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ ഇറക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പന്തളത്തിലെത്തിച്ചത്. ഈ സമയത്ത് പെണ്‍കുട്ടി ആംബുലന്‍സില്‍ തനിച്ചായിരുന്നു. അത്തരം സാഹചര്യമുണ്ടാക്കാന്‍ വേണ്ടിയാണ് അടൂരില്‍ നിന്നും പന്തളത്തേക്ക് എത്താന്‍ എളുപ്പമാണന്നിരിക്കെ പ്രതി മനപ്പൂര്‍വ്വം കോഴഞ്ചേരി വഴി കൂടുതല്‍ ദൂരം സഞ്ചരിച്ച്‌ പെണ്‍കുട്ടിയെ പന്തളത്തേക്ക് എത്തിച്ചത്.

ആറൻമുളയിലെ ഒരു ഗ്രൗണ്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായതെന്നും എസ് പി വിശദീകരിച്ചു.

കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലന്‍സില്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ആറന്മുളയില്‍ രാത്രി ആംബുലന്‍സ് ഡ്രൈവര്‍ തനിച്ച്‌ രോഗിയുമായി സഞ്ചരിച്ചത്. ഇതില്‍ ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായതായാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *