അമൃത്സർ: അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പഞ്ചാബ് മുൻ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ അറസ്റ്റിൽ. ഗഗൻദീപ് സിംഗിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ നിർദേശത്തെ തുടർന്ന് ഭുള്ളറുടെ അറസ്റ്റ്. നേരത്തെ, ഭഗവന്ത് സിംഗിന്റെ ഇടപെടലിനെ തുടർന്ന് ഗഗൻദീപ് സിംഗ് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
മരിക്കുന്നതിന് മുൻപ് ലാൽജിത് സിംഗിനെതിരെ വീഡിയോ റിക്കാർഡ് ചെയ്തിരുന്നു.
മാർച്ച് 21 നാണ് ഗഗൻദീപ് സിംഗ് വീട്ടിൽ വിഷം കഴിച്ച് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് ലാൽജിത് സിംഗിനെതിരെ ആരോപണമുന്നയിച്ച് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അദ്ദേഹം സ്വയം റിക്കാർഡ് ചെയ്തിരുന്നു. താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത് സിംഗിനെ തനിക്ക് ഭയമാണെന്നും ഇനി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും വീഡിയോയിൽ ഗഗൻദീപ് പറയുന്നുണ്ട്. വെയർഹൗസുകളുടെ ടെൻഡർ തന്റെ പിതാവിന്റെ പേരിൽ പാസാക്കാൻ ഭുള്ളർ, രൺധാവയിൽ സമ്മർദ്ദം ചെലുത്തിയതായി ആരോപിക്കപ്പെടുന്നു.
ലാൽജിത് ഭുള്ളറിനും അദ്ദേഹത്തിന്റെ പിതാവ് സുഖ്ദേവ് സിംഗ് ഭുള്ളറിനുമെതിരെ കേസ്
എന്നാൽ, ഈ ആവശ്യം നിരസിച്ചതിനെ തുടർന്ന് മാർച്ച് 13ന് രൺധാവയെ മന്ത്രിയുടെ വസതിയിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചുവെന്നും തോക്കിൻമുനയിൽ നിർത്തി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വ്യാജ കുറ്റസമ്മതം വീഡിയോയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തുവെന്നും ആരോപണം ഉയർന്നു. ഗഗൻദീപ് സിംഗിന്റെ മരണമൊഴി വൈറലായതോടെ പഞ്ചാബിൽ വലിയ പ്രതിഷേധം ഉയർന്നു. മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉടൻ തന്നെ നടപടിയെടുക്കുകയും ലാൽജിത് ഭുള്ളറുടെ രാജി സ്വീകരിക്കുകയും വിഷയം ചീഫ് സെക്രട്ടറി കെ.എ.പി. സിൻഹയ്ക്ക് കൈമാറുകയും ചെയ്തു.തുടർന്ന്, ലാൽജിത് ഭുള്ളറിനും അദ്ദേഹത്തിന്റെ പിതാവ് സുഖ്ദേവ് സിംഗ് ഭുള്ളറിനുമെതിരെ ഐപിസി 109, 351(3), 3(5) വകുപ്പുകൾ പ്രകാരം അമൃത്സർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
