കൊച്ചി | മേയ് 30
കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിൽ തമിഴ്നാട് സ്വദേശി മാഹിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർക്കറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുമ്പളങ്ങി സ്വദേശിയെ പിടികൂടിയത്.
കുമ്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിലെ മനോജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയ്ക്കുള്ളിലായിരുന്നു മാഹിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ടായിരുന്നതിനെ തുടർന്ന് കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.
മാർക്കറ്റും സമീപപ്രദേശങ്ങളും കഞ്ചാവ്-ലഹരി സംഘങ്ങളുടെ സജീവ കേന്ദ്രങ്ങളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ കസ്റ്റഡിയിലുള്ളയാൾ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് മുമ്പും ശേഷവും മാർക്കറ്റിൽ നടന്ന നീക്കങ്ങൾ ഉൾപ്പെടെ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കസ്റ്റഡിയിലുള്ളയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പിന്നിൽ ലഹരി സംഘങ്ങളുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.