കൊച്ചി | മേയ് 30
സ്ഫോടകവസ്തു കടത്തും സംഭരണവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക പരിശോധന നടത്തി. മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലായിരുന്നു പരിശോധന.
മലപ്പുറത്ത് തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലെ ഒരു വീട്ടിലുമാണ് പരിശോധന നടന്നത്. ഫെബ്രുവരി ഏഴിന് തിരൂരങ്ങാടി ചെമ്മാട് ഭാഗത്ത് ഒരു ലോറിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
ഹോളോബ്രിക്സ് നിർമ്മാണ സ്ഥലത്തേക്ക് സാധനങ്ങളിറക്കാനെത്തിയ ലോറിയിലെ ഉള്ളിച്ചാക്കുകൾക്കിടയിലാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ക്വാറി ആവശ്യത്തിനാണ് സാധനങ്ങൾ കൊണ്ടുവന്നതെന്നായിരുന്നു അന്ന് വിശദീകരണം. എന്നാൽ പിന്നീട് സംഭവത്തിൽ ദുരൂഹത കണ്ടെത്തിയതോടെയാണ് എൻഐഎ അന്വേഷണം ശക്തമാക്കിയത്.
കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനിയിലും പരിശോധന നടന്നു. നേരത്തെ കരിങ്കൽ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീടും ക്വാറിയുമാണ് എൻഐഎ പരിശോധിച്ചത്. മലപ്പുറത്ത് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണം.
കോഴിക്കോട് മുക്കം എരഞ്ഞിമാവിലെ എക്സലന്റ് ബ്രിക്സ് സ്ഥാപനത്തിലും ഉടമ ഹാരിസിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. രണ്ട് മാസം മുൻപ് കൊണ്ടോട്ടിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന്റെ തുടർച്ചയായാണ് ഈ പരിശോധനയും. വിവിധ ഇടങ്ങളിൽ നിന്ന് രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും എൻഐഎ ശേഖരിച്ചതായാണ് വിവരം.