ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമന നടപടികളെക്കുറിച്ചു പാര്‍ലമെന്റില്‍ വിശദീകരണം നല്കി കേന്ദ്രസര്‍ക്കാര്‍. ദേശസുരക്ഷ സംബന്ധിച്ച അസാധാരണസാഹചര്യങ്ങളില്‍ ഒഴികെ, സുപ്രീം കോടതി/ഹൈ ക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള ശിപാര്‍ശയില്‍ രഹസ്യാന്വേഷണസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി(റോ)നോടു റിപ്പോര്‍ട്ട് തേടുന്ന കീഴ്വഴക്കമില്ലെന്നു കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കി.
ജഡ്ജിയായി നിയമിക്കപ്പെടാന്‍ ഒരാളുടെ രാഷ്ട്രീയപശ്ചാത്തലം തടസമല്ലെന്നു സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയതും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ഹൈക്കോടതി ജഡ്ജി നിയമനത്തിനു കൊളീജിയം സമര്‍പ്പിക്കുന്ന പട്ടികയിലുള്ളവരുടെ യോഗ്യത സംബന്ധിച്ച് സര്‍ക്കാരിനു ലഭ്യമായ മറ്റ് വിവരങ്ങളും റിപ്പോര്‍ട്ടുകളും പരിഗണിക്കാറുണ്ട്. ഇക്കാര്യത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്കും സമര്‍പ്പിക്കാറുണ്ട്.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി ശിപാര്‍ശ ചെയ്യപ്പെട്ട അഭിഭാഷകനെക്കുറിച്ചുള്ള റോ റിപ്പോര്‍ട്ട് സുപ്രീം കോടതി കൊളീജിയം പരസ്യമാക്കിയതു സംബന്ധിച്ച ചോദ്യത്തിനും കേന്ദ്രമന്ത്രി മറുപടി നല്കി. ആ ഉദ്യോഗാര്‍ഥിയുടെ ലൈംഗികതയെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്ശമുണ്ടായിരുന്നെന്നാണു മന്ത്രി വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ജീവിതപങ്കാളി വിദേശപൗരനായതിനാല്‍ ശിപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊളീജിയത്തിനു തിരിച്ചയച്ചു.
ജഡ്ജി നിയമനത്തിന് ഒരാളുടെ രാഷ്ട്രീയപശ്ചാത്തലം തടസമല്ലെന്നു കഴിഞ്ഞമാസം 10-നു സുപ്രീം കോടതി ഒരു വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിപാര്‍ശ ചെയ്യപ്പെട്ടയാളുടെ നയങ്ങളും പ്രവൃത്തികളും സംബന്ധിച്ച വിമര്‍ശനങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കാറില്ല. എന്നാല്‍, നടപടിക്രമങ്ങളുടെയും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍, ജഡ്ജി നിയമനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനു നിര്ണായകപങ്കാളിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

