മാവേലിക്കര: അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി മുമ്പാകെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ 20 നു വിധിപറയും.
ഒരു വര്‍ഷമായി തടങ്കലിലാണെന്നും ആലപ്പുഴയില്‍ നടന്ന സമാന സ്വഭാവമുള്ള ഷാന്‍ കൊലപാതകക്കേസില്‍ പ്രതികള്‍ക്കു ജാമ്യം ലഭിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ.രഞ്ജിത്ത് ശ്രീനിവാസ്. എന്നാല്‍, ഷാന്‍ കൊലപാതകമല്ല ഈ കേസിന്റെ തുടക്കമെന്നു പ്രോസിക്യൂഷന് വാദിച്ചു. പ്രതികള്‍ക്കു ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് അതു തെറ്റായ സന്ദേശമാകും നല്‍കുകയെന്നും സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനു ഭീഷണിയാകുമെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

