ഞാന്‍ സബീര്‍ 35 വയസ്സ്. മണ്ണുത്തി പടിഞ്ഞാറെ വെള്ളാനിക്കര പൂവല്ലൂര്‍ വീട്ടില്‍ മജീദ്-ലൈല ദമ്പതികളുടെ മകനാണ്. വാടക വീട്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്നു. ഭാര്യ സുല്‍ഫത്ത് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന് മുഹമ്മ ദ് റിസ്വാന് എന്നിവരടങ്ങുന്നതാണ് കുടുംബം.
ഒമ്പതു വര്‍ഷമായി മണ്ണുത്തിയിലും തൃശ്ശൂര്‍ നഗരത്തിലും ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. ഭക്ഷണം, വീട്ടുവാടക, മാതാപിതാക്കളുടെ മരുന്ന്, ഓട്ടോറിക്ഷ ലോണ്‍ അടവ്, മറ്റു ചെലവുകള്‍ക്ക് ആശ്വസമായിരുന്നു ഈ ഓട്ടോറിക്ഷ.

യാത്രക്കാര്‍ ഓട്ടോയില്‍ കയറുന്നത് വളരെ പേടിച്ചായിരുന്നു. ഈ സാഹചര്യത്തെ അതിജീവിക്കുവാന്‍ എന്തു ചെയ്യുമെന്ന ചിന്തയാണ് തന്റെ ഓട്ടോയില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ തീരുമാനിച്ചത്. കൈകള്‍ സ്വയം വൃത്തിയാക്കുക, യാത്രക്കാരനും ഡ്രൈവര്‍ക്കും ഇടയില്‍ സുരക്ഷക്കായി ഫൈബര്‍ ഗ്ലാസ് ഘടിപ്പിക്കുക, സീറ്റ് വിട്ടൊഴിയുമ്പോള്‍ വാഹനത്തിനുള്ളില്‍ അണുനശീകരണം സ്വയം നടത്തുക. കോവിഡ്19 പ്രതിരോധത്തിന് ‘ഇച്ചാനു’ എന്നു പേരിട്ട് ഓട്ടോറിക്ഷയില്‍ ഇത്തരം സംവിധാനം ഒരുക്കിയാണ് ഇപ്പോള്‍ യാത്ര.
സമൂഹത്തില്‍ കോവിഡ് പ്രതിരോധത്തിന് സാമൂഹിക അകലം നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ സംരക്ഷണത്തിന് സുഹൃത്ത് കാളത്തോട് സ്വദേശിയായ ഷാനുവും ചേര്‍ന്ന് ഓട്ടോയില്‍ ഈ സംവിധാനം വരുത്തിയത്. യുട്യൂബില്‍ നിന്നും കിട്ടിയ വീഡിയോകളില്‍ പലവിധത്തിലുള്ള കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കിയാണ് തുടക്കം കുറിച്ചത്.

ഒരു യാത്രക്കാരന് വാഹനത്തില്‍ കയറിയാല്‍ സുരക്ഷിതനായും ഭയം കൂടാതെയും യാത്രചെയ്യണമെന്ന ചിന്തയാണ് ഇതിനു പ്രേരണയാക്കിയത്.
യാത്രക്കാര്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് സാനിട്ടൈസര്‍ വെച്ചിരുന്ന ഭാഗത്ത് കൈകള്വെച്ചാല് സ്വയം കൈകള്‍ വൃത്തിയാക്കുവാന്‍ സാധിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഉപയോഗിച്ചാണ് ഇതിനു കഴിയുന്നത്. യാത്രക്കാരന് ഇറങ്ങി പോയതിനു ശേഷം മറ്റൊരാള്‍ കയറുന്നതിനു മുമ്പേ അണുനശീകരണം നടക്കും. കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് വളരെ ചെലവു കുറഞ്ഞ രീതിയിലുള്ള ഈ സംവിധാനം.
മറ്റുള്ളവരുടെ കഥയേക്കാള്‍ എന്റെ ജീവിതം തന്നെ ഉദാഹരണമാണ്. പുതിയ സംവിധാനം ഓട്ടോയില്‍ വരുത്തിയതിനാല്‍ വരുമാനം കൂടിയിട്ടുണ്ട്. ഇപ്പോള്‍ എന്റെ സുഹൃത്തുക്കളും ഇതുപോലെ ജീവിത സാഹചര്യം ഉള്‍ക്കൊണ്ടു വരുന്നുണ്ട്. കിട്ടുന്ന വരുമാനത്തിനു യോജിച്ച തരത്തില്‍ ജീവിക്കുവാന്‍ ഞങ്ങള്‍ പഠിച്ചു. കൊറോണ – ലോക്ക്ഡൗണ്‍ മൂലം സാഹചര്യം പ്രതികൂലമായി ബാധിച്ച് പരിതാപകരമാമായ അവസ്ഥയിലേക്ക് പോയ പലരുമുണ്ട്. പലരും ഓട്ടോറിക്ഷ ഓടിക്കല്‍ അവസാനിപ്പിച്ച് കൂലിപണിയ്ക്കു പോയിയും, മീന്‍ കച്ചവടം നടത്തിയും ജീവിക്കുന്നുണ്ട്.

കൊറോണ ഒരു യാഥാര്‍ത്ഥ്യമാണ്. സ്വയം ബോധ്യമുള്ള കുറെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കും സമൂഹത്തിനും ഉണ്ട് . മറികടക്കണം. ഏതു സാഹചര്യവും മനസിലാക്കുക. പ്രതീക്ഷ കൈവിടാതെ പ്രയത്നിക്കുക. ഏതു ജോലിയും ചെയ്യാന്‍ ഒരുങ്ങുക. തൊഴില്‍,കുടുംബം,സമൂഹം എന്നിവയെല്ലാം കാലഘട്ടത്തിലെ പ്രതസന്ധികളെ തരണം ചെയ്യുക. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരാകണം. എങ്കില്‍ വിജയിക്കും.




