ന്യൂഡല്‍ഹി: കാലാകാലങ്ങളായി നായമാംസം ഭക്ഷണത്തിന്റെ പ്രധാനവിഭവമാക്കിയ നാഗാലാന്‍ഡില്‍ വര്‍ഷത്തില്‍ മുപ്പതിനായിരം നായ്ക്കളെ കൊന്നുതിന്നുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈയടുത്തകാലത്ത് ചില പ്രാദേശികസംഘനകള്‍ നായ്ക്കളോടുള്ള ഈ ക്രൂരതയ്‌ക്കെതിരായി രോഷം ശക്തമായി പ്രകടിപ്പിച്ചു തുടങ്ങി.
നാഗാലാന്‍ഡിന്റെയും ആസാമിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദിമാപൂര്‍ നായ ഇറച്ചിയുടെ ഏറ്റവും വലിയ വിപണിയാണ്. വടക്കുകിഴക്കന്‍ പ്രവിശ്യകളിലേയ്ക്കുള്ള കള്ളക്കടത്തിന്റെ കേന്ദ്രവും ഇവിടം തന്നെ. അസം, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍ എന്നിവിടങ്ങളില്‍നിന്നും വിവിധ ചെറുസംഘങ്ങള്‍ കൊണ്ടുവരുന്ന നായ്ക്കളെ നാഗാലാന്‍ഡിലെ ദിമാപുരിലെ ശാലകളില്‍ കശാപ്പിനായി എത്തിക്കുന്നു. പ്രതിവര്‍ഷം 30000 മുതല്‍ 40000വരെ നായ്ക്കളെ കടത്തുന്നുണ്ടെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
നായപിടിത്തത്തിന് സംഘങ്ങള്‍ക്ക് 50 മുതല്‍ 150 രൂപ വരെ ലഭിക്കും. ദിമാപൂര്‍ വിപണിയിലാകട്ടെ നായ്ക്കള്‍ 1000 രൂപ വരെ വിലയില്‍ വില്‍ക്കപ്പെടുന്നു. വിശേഷദിവസങ്ങളില്‍ നായ ഇറച്ചിയുടെ വില 4000 രൂപ വരെ ഉയരുകയും ചെയ്യും! വിപണികളിലും ഹോട്ടലുകളിലും ഈ ഇറച്ചി എത്തുന്നു. ഹോട്ടലുകളില്‍ ചോറിനോടൊപ്പം നായ ഇറച്ചിയ്ക്കാണ് മുന്‍ഗണന. ചെറുകിട വില്‍പനക്കാര്‍ നായ ഇറച്ചി ഉണക്കി കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെ വിറ്റുകാശാക്കുകയും ചെയ്യുന്നു.




