റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാമത് ദേശീയ കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ വീഡിയോദൃശ്യങ്ങള്‍. 2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണു പ്രദര്‍ശിപ്പിച്ചത്. അന്നത്തെ ചൈനീസ് കമാന്‍ഡറെ സമ്മേളനത്തില്‍ വീരനായകനായി ആദരിക്കുകയും ചെയ്തു. ബെയ്ജിങ്ങില്‍ നടന്ന 2022 വിന്റര്‍ ഒളിമ്പിക് ഗെയിംസ് ദീപശിഖ വഹിച്ചവരില്‍ ഈ കമാന്‍ഡറും ഉള്‍പ്പെട്ടിരുന്നു.

ചൈനീസ് പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ഷി ചിന്‍പിങ്, ചൈനയുടെ സൈനിക ശക്തി കാണിക്കാനായി ഗല്‍വാന്‍ സംഘര്‍ഷം പ്രദര്‍ശിപ്പിച്ചത് ഇന്ത്യയെ ചൈനയെ എതിരാളിയായി കാണുന്നു എന്നതിന്റെ സൂചനയാണെന്നു വിലയിരുത്തപ്പെടുന്നു. ഉഭയകക്ഷി ബന്ധത്തിലും ഇതു വിള്ളല്‍ വീഴ്ത്തിയേക്കും.

ഏറ്റുമുട്ടലില്‍ നാലു ചൈനീസ് സൈനികര്‍ക്കും 20 ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി പറയുന്ന ചൈനീസ് ഭരണകൂടം, ഗല്‍വാന്‍ സംഘര്‍ഷത്തെ വിജയമായാണ് അവതരിപ്പിക്കുന്നത്. അതേ സമയം, ചൈനീസ് സൈന്യത്തിന് 43 മുതല്‍ 67 വരെ ആളുകളെ നഷ്‌പ്പെട്ടെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. വീഡിയോ ദൃശ്യങ്ങള്‍ക്കു ശേഷമുള്ള പ്രസംഗത്തില്‍, യു.എസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യലോബിയെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള രീതിയില്‍ ചൈനയെ സാമ്പത്തികമായും സൈനികമായും കുടുതല്‍ ശക്തമാക്കുമെന്നു ഷി ചിന്‍പിങ് പറഞ്ഞു. ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ തയ്‌വാനെ ചൈനയുടെ ഭാഗമാക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

കിഴക്കന്‍ ലഡാക്കിനുമേലുള്ള സമ്മര്‍ദം ചൈന തുടരുമെന്നാണ് വിലയിരുത്തല്‍. ന്യൂക്ലീയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പിലേക്കും(എന്‍.എസ്.ജി.), മറ്റു രാജ്യാന്തര സ്ഥാപനങ്ങളിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശനം തടസപ്പെടുത്തുന്നതും ഇന്ത്യക്കെതിരേ പാകിസ്താനെ ഉപയോഗപ്പെടുത്തുന്നതും തുടര്‍ന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *