താനൂര്‍: മലപ്പുറം താനൂരില്‍ പോലീസിനെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ ആറ് വര്‍ഷത്തിന് ശേഷം പിടികൂടി. ചാപ്പപ്പടിയില്‍ പൊലീസിനെ ആക്രമിച്ച് ഒളിവില്‍ പോയ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് കൊരുവന്റെ പുരക്കല്‍ റഷീദിനെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി നാട്ടിലെത്തിയതിന് പിന്നാലെയാണ് പിടിയിലായത്.
2016 ല്‍ താനൂര്‍ ചാപ്പപ്പടിയില്‍ അക്രമ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയതിനിടെയായിരുന്നു പോലീസിന് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടത്. രാത്രി എട്ടരയോടെ സ്ഥലത്തെത്തിയ പോലീസിനെ റഷീദുള്പ്പെടുന്ന ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു പോലീസ് പറഞ്ഞു.
പോലീസ് വാഹനം തകര്ക്കുകയുംആക്രമണത്തില് പോലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. താനൂര്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ സേനയെത്തിയായിരുന്നു പോലീസുകാരെ രക്ഷിച്ചതും കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിലെത്തിച്ചതും. സംഭവത്തില്‍ റഷീദ് ഒഴികെയുള്ളവരെ പോലീസ് പല സമയങ്ങളിലായി അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് രക്ഷപ്പെട്ട റഷീദിനെ കണ്ടെത്താനായിരുന്നില്ല. താനൂര്‍ എസ്എച്ച്ഒ ജീവന് ജോര്‍ജ്ജിന്റെ നിര്‍ദേശപ്രകാരം എസ്ഐ കൃഷ്ണലാല്‍, എഎസ്ഐ ഷിബു, സിപി ഒമാരായ അനീഷ്, സജേഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

