മുംബൈ: ഈ വര്‍ഷം തുടര്‍ച്ചയായി നാലാം തവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (അര ശതമാനം) കൂട്ടി 5.9 ശതമാനമാക്കി. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ വര്‍ധിക്കും. റിസര്‍വ് ബാങ്കിന്റെ പണനയസമിതി (എം.പി.സി.) യോഗമാണ് അടുത്ത രണ്ടു മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരും. റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ. റിപ്പോ നിരക്ക് കൂട്ടിയതോടെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂടുമെങ്കിലും ഇതു നാമമാത്രം ആയിരിക്കുമെന്നാണു സൂചന.
വിലക്കയറ്റവും നാണ്യപ്പെരുപ്പവും തുടരുന്ന സാഹചര്യത്തിലാണു പലിശനിരക്ക് കൂട്ടിയതെന്നു മൂന്നു ദിവസത്തെ യോഗതീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ആര്.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. കഴിഞ്ഞ മേയ് മുതല്‍ നാലു തവണയായി 1.9 ശതമാനമാണ് ഇതുവരെ പലിശ വര്‍ധിപ്പിച്ചത്. ഡിസംബറിലാണ് ഇനി അടുത്ത എം.പി.സി. യോഗം.
പലിശനിരക്ക് കൂട്ടിയതു വഴി വിപണിയില്‍ പണത്തിന്റെ വിതരണവും നിക്ഷേപപ്രവര്ത്തനങ്ങളും മന്ദഗതിയിലാക്കാമെന്നും അതുവഴി പണപ്പെരുപ്പം നിയന്ത്രിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചില്ലറ വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഉപഭോക്തൃ വിലസൂചിക ഓഗസ്റ്റില്‍ ഏഴു ശതമാനം ആയതായി ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യമേഖലയിലെ വിലക്കയറ്റമാണ് മൊത്തത്തിലുള്ള നാണയപ്പെരുപ്പത്തിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു. ചില്ലറ വിലക്കയറ്റം 2026 ല്‍ അവസാനിക്കുന്ന അഞ്ചു വര്‍ഷം കൊണ്ട് 2-6 ശതമാനം പരിധിയില്‍ നിലനിര്‍ത്തണമെന്നു കഴിഞ്ഞവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ആര്.ബി.ഐക്കു നിര്‍ദേശം നല്‍കിയിരുന്നു.


