റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘കാര്‍ബണ്‍ ന്യൂട്രല്‍ കേരളം’  ദ്വിദ്വിന ശില്പശാല ആരംഭിച്ചു

2050 ല്‍ കേരളം സീറോ എമിഷന്‍ അവസ്ഥ കൈവരിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അന്തരീക്ഷ ഊഷ്മാവിലെ വര്‍ധനയാണെന്നും വിവിധ കാരണങ്ങള്‍ക്കൊപ്പം ആധുനിക ഉപഭോഗ സംസ്‌കാരവും ഇതിനിടയാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ബോധവത്കരണത്തിലൂടെയും പ്രായോഗികവും കാര്യക്ഷമവുമായ പകരം സംവിധാനങ്ങളുടെ പ്രചാരണത്തിലൂടെയും നിലവിലുള്ള ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഘട്ടം ഘട്ടമായി കുറക്കാവുന്നതാണ്. ഇതിനുപുറമെ വിവിധ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ സംഭരണ പ്രക്രിയ വര്‍ധിപ്പിച്ചും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സീറോ എമിഷന്‍ അവസ്ഥയിലേക്ക് ക്രമേണ എത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ബണ്‍ ന്യൂട്രല്‍ (കാര്‍ബണ്‍ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വഹണ രൂപരേഖ തയാറാക്കുന്നതിനാണ് വിദഗ്ധരെ പങ്കെടുപ്പിച്ച് ഹരിതകേരളം മിഷന്‍ ദ്വിദ്വിന ശില്പശാല സംഘടിപ്പിക്കുന്നത്. ഈ രൂപരേഖയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളേയും ഏജന്‍സികളേയും ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളത്തിനായുള്ള പ്രായോഗിക സമീപനം രൂപപ്പെടുത്തും.

കോവളം വെള്ളാറിലുള്ള കേരള ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന ശില്പശാലയില്‍ മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കാര്‍ഷിക സര്‍വ്വകലാശാല, സമുദ്ര പഠന സര്‍വ്വകലാശാല, കേരള വെറ്ററിനറി സര്‍വ്വകലാശാല, മറ്റു സര്‍വ്വകലാശാലകളിലെ പരിസ്ഥിതി വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കൃഷി വകുപ്പ്, വനം വകുപ്പ്, വന ഗവേഷണ കേന്ദ്രം, മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, കെ.എസ്.ആര്‍.ടി.സി തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും പ്രതിനിധികളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *