വീണ്ടും ക്ഷമ പറഞ്ഞ് ജിങ്കന്‍

പനാജി: കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വീണ്ടും മാപ്പപേക്ഷിച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍. തെറ്റു പറ്റിയെന്ന് അംഗീകരിക്കുന്നു. ഇതില്‍ നിന്ന് പാഠം പഠിച്ച് മെച്ചപ്പെട്ട മനുഷ്യനായി മാറാന്‍ ശ്രമിക്കുമെന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ജിങ്കന്‍ വ്യക്തമാക്കി.തന്നെ വെറുക്കുന്നവര്‍ കുടുംബത്തെയും വെറുതേവിടുന്നില്ല. ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം അസഭ്യവര്‍ഷമാണ്. വംശീയമായിപ്പോലും അധിക്ഷേപിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും ജിങ്കന്‍ അഭ്യര്‍ഥിച്ചു. അവസാന സെക്കന്‍ഡ് ഗോളില്‍ സമനിലയില്‍ കലാശിച്ച ബ്ലാസ്റ്റേഴ്സുമായുള്ള മത്സരശേഷമായിരുന്നു ജിങ്കന്റെ വിവാദ പരാമര്‍ശം.സ്ത്രീകള്‍ക്കെതിരേ ഒരു മത്സരം കളിച്ചെന്നായിരുന്നു തന്റെ പഴയ €ബിനെതിരേ താരത്തിന്റെ പരിഹാസം. പ്രസ്താവന വിവാദമായതോടെ ജിങ്കന്‍ ട്വിറ്ററിലൂടെ ഖേദപ്രകടനം നടത്തി.ബ്ലാസ്റ്റേഴ്സിനെ അപമാനിച്ചിട്ടില്ലെന്നും സഹതാരവുമായുള്ള വഴക്കിന്റെ ബാക്കിപത്രമാണ് പ്രതികരണമെന്നുമുള്ള വിശദീകരണവും രോഷം ശമിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല.ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയും ജിങ്കനെതിരേ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ജിങ്കന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അണ്‍ഫോളോ ചെയ്ത ആരാധകര്‍ ജിങ്കനോടുള്ള ആദരസൂചകമായി ടീം പിന്‍വലിച്ച 21-ാം നമ്പര്‍ ജഴ്സി തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.സൂപ്പര്‍ ലീഗ് ആദ്യസീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത പ്രതിരോധ താരമായിരുന്ന ജിങ്കന്‍ രണ്ടുവര്‍ഷം മുമ്പാണു ബഗാനിലേക്കു കൂടുമാറിയത്.

Share
അഭിപ്രായം എഴുതാം