വാഷിങ്ടണ്‍: ഭാവി പദ്ധതികള്‍ക്കായി നാസ തെരഞ്ഞെടുത്ത ബഹിരാകാശ സഞ്ചാരികളുടെ പട്ടികയില്‍ പാതി മലയാളിയായ ഡോ. അനില്‍ മേനോനും ഇടംപിടിച്ചു. അടുത്ത ജനുവരില്‍ അനില്‍ നാസയുടെ ഭാഗമാകും.രണ്ടു വര്‍ഷം നീണ്ട പരിശീലനത്തിനുശേഷമാകും ബഹിരാകാശദൗത്യത്തില്‍ പങ്കെടുക്കുക. മലയാളിയായ ശങ്കരന് മേനോന്റെയും യുക്രൈന് സ്വദേശിനി ലിസ സമോലെങ്കോയുടെയും മകനാണ് അനില്‍. യു.എസ്. വ്യോമസേനയില്‍ ലഫ്റ്റനന്റ് കേണലാണ്. ആറു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേരാണ് നാസയുടെ പുതിയ ബഹിരാകാശ സഞ്ചാരി പട്ടികയിലുള്ളത്. 12,000 അപേക്ഷകരില്‍നിന്നാണ് 10 പേരെ തെരഞ്ഞെടുത്തത്. നേരത്തേ, സ്പേസ് എക്സിന്റെ ഡെമോ-2 ദൗത്യത്തിന്റെ ഭാഗമായി മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ദൗത്യത്തിലും നാല്‍പ്പത്തിയഞ്ചുകാരനായ അനില്‍ മേനോന് പങ്കാളിയായിട്ടുണ്ട്.
നേരത്തേ നാസയുടെ ബഹിരാകാശ വിക്ഷേപണ ദൗത്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, എമര്‍ജന്‍സി മെഡിസിന് വിഭാഗം ഡോക്ടറാണ്.ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടായിരുന്നു ഇതുവരെയുള്ള അനിലിന്റെ പ്രവര്‍ത്തനം. എയ്റോസ്പേസ് മെഡിസിനില്‍ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 2010-ലെ ഹെയ്തി ഭൂകമ്പം, 2015-ലെ നേപ്പാള്‍ ഭൂകമ്പം 2011-ലെ റെനോ എയര്ഷോ അപകടം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും അനില്‍ പങ്കാളിയായി. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടിയ അനില്‍, സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും സ്റ്റാന്‍ഫോഡ് മെഡിക്കല്‍ സ്കൂളില്‍നിന്ന് മെഡിസിനില്‍ ബിരുദവും നേടിയിട്ടുണ്ട്.
ഓപ്പറേഷന് എന്‍ഡ്യൂറിങ് ഫ്രീഡത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം എവറസ്റ്റ് കൊടുമുടിയില്‍ കയറുന്നവരെ പരിപാലിക്കുന്നതിനായി ഹിമാലയന്‍ റെസ്ക്യൂ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചു. സപേസ് എക്സില്‍ പ്രവര്‍ത്തിക്കുന്ന അന്നാ മേനോനാണു ഭാര്യ.

