ഇടുക്കി: ചീട്ടുകളിക്കണമെങ്കില്‍ മേല്‍ത്തരം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളിലെ അണുക്കളെ നശിപ്പിച്ചിരിക്കണം. മുഖത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്ക് ചീട്ടുകളി കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ച ചീട്ടുകളി കേന്ദ്രം.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിരസതയകറ്റാന്‍ ഇവിടെ പണംവച്ചുള്ള ചീട്ടുകളി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ചയോളം നിരീക്ഷിച്ചശേഷമായിരുന്നു പൊലീസിന്റെ റെയ്ഡ്. പൊലീസ് വരുന്നുണ്ടോയെന്ന് നോക്കാന്‍ പുറത്ത് കാവലിന് ആളെ ചുമതലപ്പെടുത്തിയിരുന്നു. 400 രൂപയായിരുന്നു ഇയാളുടെ കൂലി.പൊലീസ് എത്തി നിരീക്ഷിക്കാന്‍നിന്ന ആളെയും മൊബൈല്‍ ഫോണും ആദ്യം കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന ഏഴുപേരെയും കസ്റ്റഡിയിലെടുക്കുകയും 10,750 രൂപ പിടികൂടുകയും ചെയ്തു. എസ്‌ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് ചീട്ടുകളി കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

