ഫറോക്ക് (കോഴിക്കോട്): പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി നീങ്ങുകയായിരുന്ന നാല്പതുകാരിക്ക് യുവാവിന്റെ സമയോചിത ഇടപെടലിൽ ജിവൻ തിരിച്ചുകിട്ടി. ജൂൺ 4 ബുധനാഴ്ച രാവിലെ 9.15-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ‘മാതൃഭൂമി’ രാമനാട്ടുകര യൂണിറ്റിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫറായ എൻ.എം. പ്രദീപിന്റെ ഇടപെടലിലാണ് ഇവർക്ക് ജീവൻ തിരിച്ചുകിട്ടിയത്.
കമ്പിയിൽ പിടിത്തം കിട്ടിയെങ്കിലും ഉള്ളിലേക്കുകയറാൻ കഴിഞ്ഞില്ല
.സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ കയറാനുളള ശ്രമത്തിനിടെ നാല്പതുകാരിക്ക് കമ്പിയിൽ പിടിത്തം കിട്ടിയെങ്കിലും ഉള്ളിലേക്കുകയറാൻ കഴിഞ്ഞില്ല. കമ്പിയിൽ തൂങ്ങി പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലൂടെ നീങ്ങിയ ഇവരെ നടന്നുവരുകയായിരുന്ന പ്രദീപ് കണ്ടു. അപ്പോൾത്തന്നെ ഇദ്ദേഹം പ്ലാറ്റ്ഫോമിലിരുന്ന് വണ്ടി അടുത്തെത്തിയപ്പോൾ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.
ഇതിനിടയിൽ പ്രദീപിന്റെ കൈക്കും കാലിനും പരിക്കേറ്റു. സ്ത്രീയുടെ തീവണ്ടിയിലകപ്പെട്ട ബാഗും യാത്രക്കാർ പുറത്തേക്ക് എറിഞ്ഞുനൽകി. പിന്നീടെത്തിയ എഗ്മോർ എക്സ്പ്രസിലാണ് ഇവർ പോയത്


