തിരുവനന്തപുരം:- ഇലക്ഷൻ കഴിഞ്ഞ് പത്താം ദിവസമായ 14-05- 2026ന് രാവിലെ 12 മണിക്ക് വിഡി സതീശനെ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ഒടുവിൽ നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്.
കെസി വേണുഗോപാലിന്റെ പേരാണ് അവസാനം നിമിഷം വരെ നിറഞ്ഞുനിന്നിരുന്നത് എങ്കിലും ഒടുവിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും രാഹുൽഗാന്ധിയുടെ അനുനയത്തിന് വഴങ്ങി കെ സി വേണുഗോപാൽ സ്വയം പിന്മാറുകയായിരുന്നു. മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.
വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാൻ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ പത്രസമ്മേളനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ എഐസിസി ക്കും രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലക്കും നന്ദി പറഞ്ഞു. മുഖ്യമന്ത്രിപദം ദൈവനിയോഗം ആണെന്നും അത് ഉത്തരവാദിത്വത്തോടെ വഹിക്കും എന്നും അദ്ദേഹം പറഞ്ഞു. ‘ എല്ലാവർക്കും നന്ദി എന്നെ ഞാനാക്കിയത് ടീം യുഡിഎഫ് പൊതുയോഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യും. പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും നിർവചനം മാറ്റിയെഴുതും. കേരളത്തിൻറെ പ്രവർത്തനം ഏകോപിപ്പിച്ചത് കെസി വേണുഗോപാലാണ്. എൻറെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. എല്ലാവരോടും നന്ദി അറിയിക്കുന്നു. എനിക്ക് ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, എല്ലാവരും ഒന്നിച്ചു നിൽക്കണം.’ വി ഡി സതീശന്റെ വാക്കുകൾ.