ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രഖ്യാനവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ പാർട്ടി വിജയിച്ചാല്‍ ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ അലവൻസായി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.പ്യാരി ദീദി യോജന എന്ന പേരിലാണ് പ്രഖ്യാപനം.കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് സർക്കാർ അധികാര ത്തിലെത്തിയാല്‍ ഉടൻ പദ്ധതി നടപ്പാക്കുമെന്നും കർണാടകയില്‍ ഇത് പ്രാവർത്തികമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ആദ്യ മന്ത്രി സഭാ യോഗത്തില്‍ തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഉറപ്പുകളെ പരിഹസിച്ച് ബി ജെ പി
നല്‍കിയ വാഗ്ദാനങ്ങളെല്ലാം കോണ്‍ഗ്രസ് നടപ്പാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറപ്പുകളെ ബി ജെ പി പരിഹസിച്ചു. അവ നടപ്പാക്കിയാല്‍ കർണാടക പാപ്പരാകുമെന്ന് പറഞ്ഞുവെന്നും പിന്നീട് അവർ അത് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഹരിയാനയിലും ഇത് കോപ്പിയടിച്ചെന്നും ശിവകുമാർ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനും വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാനുമാണ് കോണ്‍ഗ്രസ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് 48 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള 48 സ്ഥാനാർത്ഥികളെ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും. അതേ സമയം, ഡല്‍ഹിയിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധന സഹായം നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി ക്യാബിനറ്റ് അംഗീകാരം നല്‍കിയാതായി ഡിസംബർ 18 ന് എ എ പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. 2025 ലെ നിയമ സഭാ തിരഞ്ഞെടുപ്പിന് ശേഷം തുക 2100 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജനുവരി പകുതിയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സാധ്യത.
നിലവിലെ നിയമഭയുടെ കാലവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം ഫെബ്രുവരിയില്‍ നടന്നേക്കും. ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരം നിലനിർത്താനാണ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി ശ്രമിക്കുന്നത്. 2015 ലും 2020 ലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാർട്ടി വിജയിച്ചു. 2015 ല്‍ 67 സീറ്റും 2020 ല്‍ 63 സീറ്റും നേടി. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിയുന്നതിന് പിന്നാലെ ജനുവരി പകുതിയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്


