കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിർമ്മിച്ച വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്ത് പ്രവർത്തനസജ്ജമായെന്ന് ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് 2024 ഡിസംബർ 2 തിങ്കളാഴ്ച വാർത്താസമ്മേളനത്തില്‍ പറഞ്ഞു.പരീക്ഷണങ്ങളും ആയുധങ്ങളുള്‍പ്പെടെയുള്ള സംവിധാനങ്ങളും സ്ഥാപിക്കുന്ന ജോലികള്‍ പൂർത്തിയായി. നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാൻ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തില്‍ നിർമ്മിക്കുന്ന പുതിയ ജെട്ടി ഫെബ്രുവരിയില്‍ പ്രവർത്തനസജ്ജമാകും. വിക്രാന്തിനെ വൈകാതെ നാവികസേനയുടെ കപ്പല്‍ വ്യൂഹത്തില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തും.
സേനയ്‌ക്കാവശ്യമായ കപ്പലുകള്‍ ഹൈഡ്രജൻ ഇന്ധനമായി നിർമ്മിക്കാനുള്ള സാദ്ധ്യത പരിശോധിക്കും
ഹൈഡ്രജൻ ഇന്ധനമാക്കി ജലയാനങ്ങള്‍ നിർമ്മിക്കുന്ന കൊച്ചി കപ്പല്‍ശാലയുടെ പദ്ധതിയില്‍ നാവികസേനയ്‌ക്ക് താത്പര്യമുണ്ട്. സേനയ്‌ക്കാവശ്യമായ കപ്പലുകള്‍ ഹൈഡ്രജൻ ഇന്ധനമായി നിർമ്മിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. തീരത്തും കടലിലും സുരക്ഷ, ലഹരിവസ്‌തുക്കളുടെ കടത്ത്, കപ്പല്‍ റാഞ്ചല്‍ തുടങ്ങിയവ നേരിടുന്നതില്‍ അതീവജാഗ്രത നാവികസേന പാലിക്കുന്നുണ്ട്. ലക്ഷദ്വപിന്റെ പ്രാധാന്യം കണക്കിലെടുത്ത് നാവിക വിമാനത്താവളമായ ഐ.എൻ.എസ് ജഡായു ഒരുവർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചു. ജനങ്ങള്‍ക്ക് ഗുണകരമായി എയർ സ്ട്രിപ്പ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ട്. അനുമതികള്‍ ലഭിച്ചാല്‍ സേനയും പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു