പോലീസിനെ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ അർധരാത്രിയില്‍ പോലീസ് നടത്തിയ റെയ്ഡ് നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇത്സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎം പോലീസിനെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കിയത്.

2024 നവംബർ 5ന് അർദ്ധരാത്രിയിലാണ് മുൻ എംഎല്‍എയും കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാൻ, മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എന്നിവരുടെ മുറികളുടെ വാതിലില്‍ മുട്ടിയതും പരിശോധന നടത്തിയതും.

ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ല

സെർച്ച്‌ നടത്തുന്നത് സംബന്ധിച്ച്‌ ബിഎൻഎസ്‌എസില്‍ നിർദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ല. പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആർഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12നു ശേഷം തുടങ്ങിയ പരിശോധന പുലർച്ചെ 2.30 ആയപ്പോള്‍ മാത്രമാണ് എഡിഎമ്മും ആർഡിഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആർഡിഒ, ഷാഫി പറമ്പില്‍ എംപിയോട് വ്യക്തമാക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പോലീസിനെ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാരിനു നേതൃത്വം നല്‍കുന്ന സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →