ജമ്മുകശ്‌മീര്‍ , രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌ സെപ്‌തംബര്‍ 25ന്‌ : കനത്ത സുരക്ഷക്രമീകരണങ്ങള്‍

ശ്രീനഗര്‍: ജമ്മുകശ്‌മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌ സെപ്‌തംബര്‍ 25 ബുധനാഴ്‌ച നടക്കും. ആറു ജില്ലകളിലെ 26 മണ്‌ഡലങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 27.78 ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 239 സ്‌ഥാനാര്‍ഥികളാണ്‌ മത്സരരംഗത്തുള്ളത്‌.നാഷനല്‍ കോണ്‍ഫറന്‍സ്‌ വൈസ്‌ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, ജമ്മുകശ്‌മീര്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ താരിഖ്‌ ഹാമിദ്‌ ഖറ, ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ രവീന്ദര്‍ റെയ്‌ന എന്നിവരാണ്‌ രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.

.കനത്ത സുരക്ഷക്രമീകരണങ്ങള്‍

തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ 3,502 പോളിങ്‌ സ്‌റ്റേഷനുകളിലും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്‌. കനത്ത സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിയതായി മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്‌ഥന്‍ അറിയിച്ചു.

ഉമര്‍ അബ്ദുല്ലക്ക്‌ കടുത്ത വെല്ലുവിളി

ബുധ്‌ഗാമിലും ഗന്ദര്‍ബാലിലും മത്സരിക്കുന്ന ഉമര്‍ അബ്ദുല്ല കടുത്ത വെല്ലുവിളിയാണ്‌ നേരിടുന്നത്‌. മൂന്നു തലമുറകളായി അബ്ദുല്ല കുടുംബത്തിന്റെ മണ്‌ഡലമായ ഗന്ദര്‍ബാലില്‍ ഉമര്‍ അബ്ദുല്ലയുടെ നില ഭദ്രമല്ല. ബുധ്‌ഗാമില്‍ പി.ഡി.പിയിലെ ആഗ സയ്യിദ്‌ മുന്‍തസിറാണ്‌ പ്രധാന എതിരാളി. ജയിലിലുള്ള വിഘടനവാദി നേതാവ്‌ സര്‍ജന്‍ അഹ്മദ്‌ വാഗയും ഗന്ദര്‍ബാലില്‍ ഉമര്‍ അബ്ദുല്ലക്കെതിരെ രംഗത്തുണ്ട്‌. സര്‍ജന്‍ അഹ്മദ്‌ ഭീര്‍വഹ്‌ മണ്‌ഡലത്തില്‍നിന്ന്‌ മത്സരിക്കുന്നുണ്ട്‌. ഈയിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉമര്‍ അബ്ദുല്ല ബാരാമുല്ല മണ്ഡലത്തില്‍നിന്ന്‌ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി നേതാവ്‌ രവീന്ദര്‍ ജെയിനിന്റെ രാഷ്ട്രീയ ഭാവിയും നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്‌.

Share
അഭിപ്രായം എഴുതാം