റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ: തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷി മൃഗാദികളെ 2023 ഒക്ടോബറോടെ മാറ്റി തുടങ്ങുമെന്ന് മന്ത്രി കെ രാജൻ. മൃഗങ്ങളെ മാറ്റുന്നതിനുള്ള കേന്ദ്ര അനുമതി ലഭ്യമായെന്നും പുത്തൂർ സുവോളജിക്കൽ പാർക്ക് പദ്ധതിയുടെ പുരോഗതിയിലെ സുപ്രധാന നാഴികല്ലാണ് ഈ അനുമതിയെന്നും മന്ത്രി പറഞ്ഞു. 48 ഇനങ്ങളിലായി 117 പക്ഷികൾ, 279 സസ്തനികൾ, 43 ഉരഗ വർഗ്ഗജീവികൾ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെയാണ് പുത്തൂരിലേക്ക് മാറ്റാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്.

ഒക്ടോബർ മാസത്തോടെ തൃശൂർ മൃഗശാലയിൽ നിന്നും ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുവന്ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ തത്ത വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ, ജലപക്ഷികൾ എന്നിവയെയും മാറ്റും. ഇങ്ങനെ വിവിധ സ്പീഷിസുകളിൽ കുറച്ച് എണ്ണങ്ങളെ കൊണ്ടുവന്ന് നിരീക്ഷിച്ച ശേഷം ഒക്ടോബർ അവസാനത്തോടെ ബോണറ്റ് കുരങ്ങുകളിൽ ആദ്യ ബാച്ചും തിരുവനന്തപുരം നെയ്യാറിൽ നിന്നും ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബർ ഒന്നു മുതൽ അംഗസംഖ്യ ഏറ്റവും കൂടുതലുള്ള മാനുകളെ മാറ്റുന്ന നടപടിയും തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം മൃഗശാലയിൽ നിന്നും പുത്തൂരിലേക്ക് നൽകാമെന്ന് തീരുമാനിച്ചിട്ടുള്ള നാല് കാട്ടുപോത്തുകളെ മാറ്റുന്നതിനുള്ള അനുവാദം കൂടി ഇതിനോടകം കേന്ദ്രം മൃഗശാല അതോറിറ്റിയിൽ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഇവയെയും നവംബർ പകുതിയോടെ പുത്തൂരിലേക്ക് മാറ്റാനാവുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര മൃഗശാല അതോറിറ്റി നൽകിയിരിക്കുന്ന ആറുമാസം സമയത്തിന് മുൻപ് തന്നെ എല്ലാ മൃഗങ്ങളെയും മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മറ്റു മൃഗശാലകളിൽ നിന്നും ലഭ്യമാകുന്ന മൃഗങ്ങളെ മാറ്റാനുള്ള നടപടികളും ഇതിനോടൊപ്പം മുന്നോട്ടുപോകുന്നത്. വിദേശത്തുനിന്നും ജിറാഫ്, സീബ്ര, ആഫ്രിക്കൻ മാൻ, അനാക്കോണ്ട എന്നിവയെ കൊണ്ടുവരുന്നതിനുള്ള താൽപര്യപത്രം നേരത്തേ ക്ഷണിച്ചിരുന്നു. ഇതിന് നാല് സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും തുടർനടപടികൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാകുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് രണ്ടാം ഘട്ടം പൂർത്തിയായി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ടുള്ള ഉന്നതതല സമിതി യോഗം അടുത്തയാഴ്ച വനം വന്യജീവി മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും. ഫോറസ്റ്റ് വകുപ്പ് പിടികൂടി എവിടെയും തിരിച്ചു കൊണ്ടുപോയി വിടാൻ കഴിയാതെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെയും സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് ഉദ്ദേശം.

ഒപി, ഐപി സൗകര്യങ്ങളോടെ മുഴുവൻ സമയം പ്രവർത്തിക്കുന്ന മൃഗാശുപത്രി സമുച്ചയം സുവോളജിക്കൽ പാർക്കിലെ മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാകുമെന്നും മന്ത്രി പറഞ്ഞു. പുത്തൂർ മുതൽ പയ്യപ്പിള്ളിമൂല വരെ നിർമ്മിക്കുന്ന ഡിസൈൻ റോഡിനായി 47.30 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടർ നടപടികൾ പുരോഗമിക്കുകയാണ്. പൂത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള സഞ്ചാരം ഇതോടെ സുഗമമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *