സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

പ്രതിഷേധജ്വാലയില്‍ ഉലയുന്ന ഫ്രാന്‍സ്

July 1, 2023 - 12:40 pm

കൈകാട്ടിയിട്ടും നിര്‍ത്താതെപോയ കാര്‍ യാത്രികനായ കൗമാരക്കാരനെ പോലീസുകാരന്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ മൂന്നാംദിവസവും ഫ്രാന്‍സില്‍ പ്രതിഷേധജ്വാല. അക്രമാസക്തമായ പ്രതിഷേധങ്ങളുടെ മൂന്നാം രാവില്‍ 249 പോലീസുകാര്‍ക്കു പരുക്കേറ്റു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ബ്രസല്‍സിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കി. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര യോഗം വിളിച്ചു. പ്രതിഷേധം നാലാം ദിവസത്തേക്കു കടക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. രാത്രി ഒന്‍പതിനുശേഷം രാജ്യമെമ്പാടും പൊതുഗതാഗതത്തിനു നിരോധനം ഏര്‍പ്പെടുത്തി.

കൗമാരക്കാരന്റെ മരണം മറയാക്കി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് ചിലര്‍ അക്രമത്തിനു വഴിമരുന്നിടുന്നതായി ഇമ്മാനുവല്‍ മാക്രോണ്‍ ആരോപിച്ചു. മക്കളെ, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പുറത്തുവിടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കലാപത്തിനു തെരുവിലിറങ്ങുന്നവരിലെ കൗമാരക്കാരുടെ എണ്ണം കണക്കിലെടുത്താണ് പ്രസിഡന്റിന്റെ അഭ്യര്‍ഥനയെന്നു വിലയിരുത്തപ്പെടുന്നു. പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസവും പ്രധാന നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സ്‌കൂളുകളും കടകളും ബാങ്കുകളും കത്തിച്ചു. തുടര്‍ന്ന് രാത്രി ഫ്രാന്‍സിലുടനീളം 875 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റരാത്രികൊണ്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും 14 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ്. എലൈറ്റ് റെയ്ഡ്, ജി.ഐ.ജി.എന്‍. യൂണിറ്റുകള്‍ ഉള്‍പ്പെടെ 40,000 ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. വന്‍ സുരക്ഷാ വിന്യാസം ഉണ്ടായിട്ടും പലയിടത്തും അക്രമങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അക്രമത്തില്‍ ഇതുവരെ അഞ്ഞൂറോളം കെട്ടിടങ്ങള്‍ തകര്‍ക്കുകയും രണ്ടായിരത്തിലധികം വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തതായാണു വിവരം.
മാഴ്സെയിലെ ടൗണ്‍ ഹാളുകള്‍, ലൈബ്രറികള്‍, പാരീസിന് വടക്കുള്ള സെയ്ന്‍-സെന്റ്-ഡെനിസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയടക്കം മുനിസിപ്പല്‍ കെട്ടിടങ്ങളെയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത്. ലിയോണില്‍ ട്രാം കത്തിച്ചതുള്‍പ്പെടെ രാജ്യത്തുടനീളം സമാനസംഭവങ്ങള്‍ അരങ്ങേറി.

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *