ന്യൂഡല്‍ഹി: മദ്യവിലക്ക് നീക്കി ഡല്‍ഹി മെട്രോ. സീല്‍ പൊട്ടിക്കാതെ രണ്ടു കുപ്പിവരെ കൊണ്ടുപോകാനാണ് അനുമതി. എന്നാല്‍, ട്രെയിനിലും സ്റ്റേഷന്‍ വളപ്പുകളിലും കെട്ടിടങ്ങളിലും ഏര്‍പ്പെടുത്തിയിരുന്ന മദ്യപാനവിലക്ക് തുടരുമെന്നും ഡല്‍ഹി മെട്രോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സര്‍വീസ് തുടങ്ങി ഇരുപതു വര്‍ഷമായെങ്കിലും ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനില്‍ മാത്രമാണ് മദ്യം കൊണ്ടുപോകാന്‍ ഇതുവരെ അനുമതിയുണ്ടായിരുന്നത്. വിലക്ക് വിഷയം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡി.എം.ആര്‍.സി), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) എന്നിവയുടെ യോഗമാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. സീല്‍ പൊട്ടിക്കാത്ത മദ്യക്കുപ്പികള്‍ കൊണ്ടുപോകാമെങ്കിലും മദ്യപിച്ച് അപമര്യാദയായി പെരുമാറുന്ന യാത്രികര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ആര്‍.സി. അറിയിച്ചു.



