തിരുവനന്തപുരം: മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2023 ജൂൺ 23 ന് വൈകീട്ട് 6 മണിയോടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കെ സുധാകരനെതിരെ എടുത്തത് കള്ളക്കേസാണെന്നും കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന് എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ ആഞ്ഞടിച്ചു.
ഹൈക്കോടതിയിൽ നിന്ന് ഇടക്കാല മുൻകൂർ ജാമ്യം നേടിയാണ് 2023 ജൂൺ 23 ന് ചോദ്യം ചെയ്യലിനായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എത്തിയത്. രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പുറപ്പെടും മുൻപ് മാധ്യമങ്ങളെ കണ്ട കെ പി സി സി പ്രസിഡന്റ് ഒരാശങ്കയും ഇല്ലന്നാണ് പറഞ്ഞത്. ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. അതേ തുടർന്ന് വൈകീട്ട് 6 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
