ന്യൂഡല്‍ഹി: ആഗോളതലത്തില്‍ 300-ലധികം മരണങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന, ഇന്ത്യന്‍ നിര്‍മ്മിതമായ ഏഴ് സിറപ്പുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. വ്യാജ മരുന്നുകളോട് ഇന്ത്യ ‘സഹിഷ്ണുത’ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകളുമായി ബന്ധപ്പെട്ട മരണങ്ങളുടെ പശ്ചാത്തലത്തില്‍ 71 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അവയില്‍ 18 കമ്പനികള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഗുണമേന്മയുള്ള മരുന്നുകളുടെ ഉല്‍പ്പാദനം ഉറപ്പാക്കുന്നതിനായി വിപുലമായ പദ്ധതികള്‍ നടക്കുന്നുണ്ട്. വ്യാജ മരുന്നുകള്‍ മൂലം ആരും മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരും റെഗുലേറ്റര്‍മാരും എപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ട്. – അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍, തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്കെയര്‍ അതിന്റെ മുഴുവന്‍ ഐ ഡ്രോപ്പുകളും തിരിച്ചുവിളിച്ചു. അതിനുമുമ്പ്, കഴിഞ്ഞ വര്‍ഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും യഥാക്രമം 66, 18 കുട്ടികളുടെ മരണവുമായി ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പുകള്‍ക്ക് ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു.
ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്‍സുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു. ഗാംബിയയില്‍ മരിച്ച 49 കുട്ടികളെ കുറിച്ച് സര്‍ക്കാരിന് കത്തെഴുതിയപ്പോള്‍ ഡബ്ല്യു.എച്ച്.ഒയിലെ ആരും പിന്നീട് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

