റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിസോദിയയുടെ സി.ബി.ഐ കസ്റ്റഡി നീട്ടി

March 5, 2023 - 12:04 pm

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സി.ബി.ഐ കസ്റ്റഡി നീട്ടിനല്‍കി ഡല്‍ഹി കോടതി. ജാമ്യാപേക്ഷ ഇനി വെള്ളിയാഴ്ച പരിഗണിക്കും. അതിനു മുമ്പ് നാളെ ആം ആദ്മി പാര്‍ട്ടി നേതാവിനെ കോടതിയില്‍ ഹാജരാക്കാനും പ്രത്യേക ജഡ്ജി എം.കെ. നാഗ്പാല്‍ സി.ബി.ഐയോട് നിര്‍ദേശിച്ചു.
നേരത്തെ അനുവദിച്ച മൂന്ന് ദിവസത്തെ റിമാന്‍ഡിനൊടുവില്‍ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നു സി.ബി.ഐ ആവശ്യപ്പെടുകയായിരുന്നു. ഇത് അനുവദിച്ചാണ് ഇന്നലെ കോടതി കസ്റ്റഡി നീട്ടിനല്‍കിയത്. അതേസമയം, കേസിലെ എല്ലാ റിക്കവറികളും പൂര്‍ത്തിയായതാണെന്നും കസ്റ്റഡി നീട്ടുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്നും സിസോദിയ ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ഏജന്‍സിയുടെ കാര്യക്ഷമതയില്ലായ്മ റിമാന്‍ഡിനു കാരണമാകരുതെന്ന് സിസോദിയയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ തന്നോട് സി.ബി.ഐ നല്ല രീതിയിലാണു പെരുമാറുന്നതെന്നും അതേസമയം, ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. തുടര്‍ന്ന്, ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.

ദേശീയ തലസ്ഥാനത്തിനായുള്ള മദ്യനയം രൂപീകരിച്ചതില്‍ വന്‍ അഴിമതി ആരോപണമാണു സിസോദിയ നേരിടുന്നത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന സി.ബി.ഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്തതിനു പിന്നാലെയാണ് അവര്‍ അന്വേഷണം ഏറ്റെടുത്തത്. കോഴ വിവാദത്തിനു പിന്നാലെ പുതിയ മദ്യനയം ആംആദ്മി പാര്‍ട്ടി റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പത്തിയൊന്നുകാരനായ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് അദ്ദേഹം ഡല്‍ഹി മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *