വാഷിങ്ടണ്‍/ഒട്ടാവ: അമേരിക്കയിലും കാനഡയിലും വിനാശം വിതച്ച അതിശൈത്യത്തിന്റെ കെടുതികള്‍ തുടരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതികൂല കാലാവസ്ഥയില്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജരും. കാണാതായ 26 പേരെക്കുറിച്ച് ഇനിയും വിവരം ലഭിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇരുരാജ്യങ്ങളിലുമായി മൂന്നുകോടിയിലധികം ആളുകള്‍ ദുരിതക്കയത്തില്‍.
ബോംബ് ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവും ഹിമപാതവുമാണ് അമേരിക്കയില്‍ ജനജീവിതം ദുഷ്‌കരമാക്കിയത്. ഗ്രാമ-നഗര ഭേദമില്ലാതെ രാജ്യം മഞ്ഞുപുതച്ചതോടെ റോഡ്-റെയില്‍-വ്യോമഗതാഗതം താറുമാറായി. യാത്രാമാര്‍ഗങ്ങള്‍ അടഞ്ഞതോടെ പതിനായിരങ്ങള്‍ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങി. പലരുടെയും ക്രിസ്മസ്-പുതുവത്സര യാത്രകള്‍ക്കു പ്രതികൂലകാലാവസ്ഥ പ്രതിബന്ധമായി.ഇതിനോടകം എഴുപതോളം പേര്‍ക്കു ജീവന്‍ നഷ്ടമായെന്നാണു വിവരം.
ന്യൂയോര്‍ക്കിലെ ബഫലോയിലാണ് അതിെശെത്യവും കൊടുങ്കാറ്റും ഏറ്റവും അധികം ആള്‍നാശത്തിനു വഴിവച്ചത്. ദേശീയ ദുരന്ത പ്രതികരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് ബഫലോയില്‍ മാത്രം നാലുലക്ഷത്തോളം പേരാണു ദുരിതബാധിതര്‍. എണ്‍പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളെ ആശ്രയിക്കുന്നുണ്ട്. മരണസംഖ്യയില്‍ രാജ്യത്തു തന്നെ മുന്നിലായതിനു പുറമേ 26 പേരെ കാണാതായതായും ഏജന്‍സി അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രതികൂല കാലാവസ്ഥയുടെ പ്രഹരശേഷി വെളിവാക്കുന്നു. മഞ്ഞുമൂടിയ റോഡുകളില്‍ തെന്നി നിയന്ത്രണംവിട്ടു നീങ്ങുന്ന വാഹനങ്ങളും റോഡുകളില്‍ തകരാറിലായ വാഹനങ്ങളുടെയും ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
നിര്‍ത്തിയിട്ട വാഹനങ്ങള്‍ മഞ്ഞില്‍ തനിയെ നിരങ്ങി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോകളുമുണ്ട്. റോഡരികിലെ അടച്ചിട്ട വീടിന്റെ വാതില്‍ തുറന്നപ്പോള്‍ അരയ്‌ക്കൊപ്പം മഞ്ഞുമൂടിയ അവസ്ഥ വ്യക്തമാക്കുന്നതാണു മറ്റൊരു വീഡിയോ.കനത്ത മഞ്ഞുവീഴ്ചയില്‍ വാഹനങ്ങളില്‍ കുടുങ്ങി മരണമടയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍ബണ്‍ മോണോക്‌െസെഡ് ശ്വസിച്ചാണ് പലരുടെയും മരണം. ശക്തമായ കാറ്റില്‍ െവെദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും താറുമാറായി. രാജ്യത്തെമ്പാടുമായി ലക്ഷങ്ങളാണ് ഇപ്പോഴും ഇരുട്ടില്‍ക്കഴിയുന്നത്.കാനഡയിലും സ്ഥിതി വ്യത്യസ്തമല്ല. ലക്ഷക്കണക്കിന് ആളുകളാണ് അതിെശെത്യത്തിന് ഇരകളായത്.