റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാതയില്‍ പാചകവാതക ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞു: ആശങ്കയുടെ എട്ടു മണിക്കൂര്‍

December 14, 2022 - 8:33 pm

പരിയാരം: ഏഴിലോടും പരിസരവും എട്ടു മണിക്കൂറോളം ജാഗ്രതയുടെ മുള്‍മുനയില്‍. ചൊവ്വാഴ്ച്ച രാത്രി 8.15നു പാചക ഗ്യാസുമായി കോഴിക്കോടേക്കു പോകുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി മറിഞ്ഞതോടെയാണ് ആശങ്ക രൂപപ്പെട്ടത്. ദേശീയപാതയില്‍ വാഹനഗതാഗതം തടയുന്നതിനും വൈദ്യുതിവിലക്കിനും വീടുകളില്‍ പാചകം പോലും തടയുന്നതിനും ഇതു കാരണമായി. അഗ്‌നിശമനസേനയും പോലീസും കനത്ത സുരക്ഷയും ജാഗ്രതയും പാലിച്ചതിനാലാണ് അപകടം ഒഴിവായത്. പയ്യന്നൂര്‍ അഗ്‌നിശമനസേന സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്‌നിശമനസേന ചൊവ്വാഴ്ച്ച രാത്രിമുതല്‍ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മറിഞ്ഞ ടാങ്കര്‍ ഖലാസികളെ ഉപയോഗിച്ച് ഉയര്‍ത്താന്‍ ആദ്യം ശ്രമം നടന്നിരുന്നുവെങ്കിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോഴിക്കോട് നിന്നും മംഗലാപുരത്തുനിന്നും എത്തിയ സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഇത് ഒഴിവാക്കുകയായിരുന്നു.

മറിഞ്ഞ ടാങ്കര്‍ ലോറിയില്‍നിന്നു പാചകവാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റാനായിരുന്നു തീരുമാനം. രാവിലെ ഏഴോടെ തന്നെ മംഗലാപുരത്തുനിന്നുമെത്തിയ ടാങ്കറിലേക്ക് പാചകവാതകം മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു. ഏകദേശം എട്ട് മണിക്കൂറാണ് ഇതിന് വേണ്ടിവരുന്ന സമയമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ പകുതിയോളം ഗ്യാസ് നീക്കം ചെയ്ത ടാങ്കര്‍ നാലരയോടെ ഖലാസികളെ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റുകയായിരുന്നു. മൂന്ന് ബുള്ളറ്റ് ടാങ്കറുകളാണ് മറിഞ്ഞ ടാങ്കറില്‍നിന്നും പാചകവാതകം നീക്കം ചെയ്യുന്ന പ്രവൃത്തിക്കായികൊണ്ടുവന്നത്. ഏതെങ്കിലും ടാങ്കറിന് പ്രശ്‌നം വല്ലതും വന്നാല്‍ ഉപയോഗിക്കാനാണ് രണ്ടെണ്ണം കൂടി അധികമായി എത്തിച്ചത്. മറിഞ്ഞ ടാങ്കറില്‍നിന്നു പാചകവാതകം മറ്റ് ടാങ്കറിലേക്ക് പൂര്‍ണമായി മാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതവും സമീപപ്രദേശങ്ങളിലെ പാചകവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈദ്യുതി വിതരണവും രാവിലെ മുതല്‍ തടഞ്ഞു. ലോറിഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി മണിവേലിനെ(40) മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് പരിയാരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് ഭാഗത്തുനിന്നും ചുടല-മാതമംഗലം-മണിയറ വഴി പയ്യന്നൂര്‍ ഭാഗത്തേക്കും കണ്ണൂരില്‍ നിന്നും പഴയങ്ങാടി, വെങ്ങര, പാലക്കോട്-മുട്ടം-രാമന്തളി വഴി പയ്യന്നൂരിലേക്കും ഗതാഗതം തിരിച്ചുവിട്ടു. കാസര്‍ഗോഡ്-പയ്യന്നൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എടാട്ട് കോളജ് സ്‌റ്റോപ്പ് വഴി കൊവ്വപ്പുറം-ഹനുമാരമ്പലം വഴി പഴയങ്ങാടിയിലെത്തിയാണു കണ്ണൂരിലേക്ക് പോയത്. ഗതാഗതം തിരിച്ചുവിടുന്നത് രാവിലെ മാത്രം അറിയിച്ചതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈകുന്നേരം 4.45 നാണ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *